മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി. കേസിൽ അറസ്റ്റിലായ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (മൂന്ന്) കോടതി തള്ളി. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് അപൂര്‍വമായ കേസാണെന്നും പ്രതികള്‍ നടത്തിയ അക്രമം മാധ്യങ്ങളിലൂടെ ജനങ്ങള്‍ തത്സമയം കണ്ടതാണെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിൽ മജിസ്ട്രേറ്റ് ടാനി മറിയം ജോസ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നിലനിര്‍ത്തേണ്ടതുണ്ടെന്നും കോടതി ഉത്തരവില്‍ പരാമര്‍ശിച്ചു.
കേസില്‍ ആദ്യം അറസ്റ്റിലായ അഞ്ചു പ്രതികളുടെയും ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അറസ്റ്റ് വിവരം ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കൃത്യമായി അറിയിക്കാതെ പൊലീസ് നടപടിക്രമം തെറ്റിച്ചുവെന്നും, ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച സ്വകാര്യ വാഹനം തകർത്തത് പൊതുമുതല്‍ നശിപ്പിക്കലിന്റെ പരിധിയില്‍ വരില്ലെന്നുമുള്ള വാദങ്ങളാണ് പ്രതിഭാഗം കോടതിയിൽ നിരത്തിയത്.
എന്നാൽ ഈ വാദങ്ങളൊന്നും നിലനില്‍ക്കില്ലെന്ന അഡീഷണല്‍ പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. യാതൊരുവിധ പ്രകോപനവും ഇല്ലാതെയാണ് കേന്ദ്ര ഏജൻസിയുടെ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു.
ഇഡി സംഘത്തിന് നേരെയുണ്ടായ സിപിഎം ആക്രമണത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണസംഘത്തെ (SIT) നിയോഗിക്കുന്നത് നിലവിൽ ആഭ്യന്തര വകുപ്പിന്റെ സജീവ ആലോചനയിലാണ്. കേസിൽ ഇതുവരെ ആകെ 25 പ്രതികളാണ് പൊലീസിന്റെ പിടിയിലായിട്ടുള്ളത്.



