വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പങ്കാളി മെലാനിയ ട്രംപ് പ്രഥമ വനിത ജില്‍ ബൈഡന്റെ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ പാരമ്പര്യമായി നടക്കുന്ന വിരുന്നില്‍ നിന്നാണ് മെലാനിയ വിട്ടുനില്‍ക്കുന്നത്. പൊതുവേ നിലവിലെ പ്രസിഡന്റ് നിയുക്ത പ്രസിഡന്റിന് ഓവല്‍ ഓഫീസില്‍ (അമേരിക്കന്‍ പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഓഫീസിന്റെ ഭാഗം) വെച്ച് വിരുന്ന് നല്‍കും. അതേ സമയം പ്രഥമ വനിത അവരുടെ പിന്‍ഗാമിയായി വരുന്നയാള്‍ക്ക് ചായ വിരുന്നും നടത്തുന്നതാണ് രീതി. സമാധാനപരമായ അധികാര കൈമാറ്റമാണ് ഇതിലൂടെ അമേരിക്ക പ്രതിഫലിപ്പിക്കുന്നത്.

2016ലെ തിരഞ്ഞെടുപ്പിന് ശേഷം മിഷേല്‍ ഒബാമ മെലാനിയ ട്രംപിന് യെല്ലോ മുറിയില്‍ വിരുന്ന് നല്‍കിയിരുന്നു. എന്നാല്‍ 2020ലെ തിരഞ്ഞെടുപ്പില്‍ താനാണ് ശരിയായ വിജയിയെന്ന ഡോണാള്‍ഡ് ട്രംപിന്റെ അവകാശ വാദങ്ങള്‍ നിലനിന്നിരുന്നതിനാല്‍ മെലാനിയ ട്രംപ് ജില്‍ ബൈഡന് വിരുന്ന് നല്‍കിയിരുന്നില്ല.