മാന്നാർ: വാടക വീട്ടിൽ ചാരായം വാറ്റ് നടത്തിയ ഫ്രീലാൻസ് ഫോട്ടോ ഗ്രാഫറെ എക്സൈസ് കയ്യോടെ പിടിയിൽ. മാന്നാർ പഞ്ചായത്ത് ആറാം വാർഡിൽ കുരട്ടിക്കാട് ഭാഗത്ത് വാടകക്ക് താമസിച്ചു വന്നിരുന്ന അമ്പലപ്പുഴ വടക്ക് നീർക്കുന്നം കൊച്ചുപുരക്കൽ വീട്ടിൽ ഇർഷാദ് മകൻ അബ്ദുൽ മനാഫിനെ (32) 100 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായാണ് പിടികൂടിയത്.
വാടക വീട്ടിൽ ചാരായം വാറ്റ് നടത്തുന്നതായി എക്സൈസിന് സംശയമുണ്ടായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി വീടും, പരിസരവും എക്സൈസ് കർശനമായി നിരീക്ഷിക്കുകയായിരുന്നു. ശേഷമാണ് വാടക വീട്ടിൽ എക്സൈസ് പരിശോധന നടത്തി ചാരായം വാറ്റിയ കുറ്റത്തിന് മനാഫിനെ പിടികൂടിയത്. പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് 100 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തതായും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.



