ഹോർമുസ് കടലിടുക്കിൽ ടോളുകൾ ഏർപ്പെടുത്തിയാൽ അമേരിക്ക-ഇറാൻ കരാർ അസാധ്യമാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ടോൾ സംവിധാനവുമായി ഇറാൻ മുന്നോട്ട് പോകരുതെന്നും മാർക്കോ റൂബിയോ. പാക്ക് ഭരണ നേതൃത്വം ടെഹ്റാനിൽ പോകുന്നത് ശുഭ സൂചനയാണ്. പാകിസ്താന്റെ ഇടപെടൽ ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകും. നല്ലൊരു കരാർ ഉണ്ടാക്കാനാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ആഗ്രഹിക്കുന്നത്. കരാറിലെത്തിയില്ലെങ്കിൽ അദ്ദേഹത്തിന് മുന്നിൽ മറ്റ് വഴികളുണ്ടെന്നും കരാറിലെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി.
ഇറാൻ – യുഎസ് സമാധാന ചർച്ചകൾക്ക് വേഗത്തിലാക്കാനുള്ള പാക്ക് നീക്കത്തിന്റെ ഭാഗമായാണ് പാക് സൈനിക മേധാവി ടെഹ്റാനിലേക്ക് പോകുന്നത്. സമാധാന കരാർ സംബന്ധിച്ച ധാരണകൾ ഇറാൻ നേതൃത്വവുമായി ഫീൽഡ് മാർഷൽ അസിം മുനീർ ചർച്ച ചെയ്യും. നേരത്തെ പാക്ക് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി ഒരാഴ്ചക്കിടെ രണ്ട് തവണ ടെഹ്റാനിൽ എത്തിയിരുന്നു. അമേരിക്കയുടെ നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള തിരക്കിട്ട നയതന്ത്ര നീക്കം നടക്കുന്നത്.
അതിനിടെ ഇറാന്റെ താൽപ്പര്യങ്ങൾ കണക്കിലെടുത്തുള്ള നയതന്ത്രം മാത്രമാണ് പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പരിഹാരമെന്ന് റഷ്യ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചർച്ചകളിലൂടെ തീരുമാനങ്ങൾ നടപ്പിലാക്കണം. ഇക്കാര്യത്തിൽ ഇറാനെയും അമേരിക്കയെയും സഹായിക്കാൻ തയാറാണെന്നും റഷ്യ അറിയിച്ചു. അതേസമയം ആണവ സമ്പുഷ്ടീകരണ വിഷയത്തിൽ ഇറാൻ തീരുമാനം എടുക്കണമെന്നും, സമ്പുഷ്ടീകരിച്ച യുറേനിയം ആർക്ക് കൈമാറണമെന്ന് ഇറാന് തീരുമാനിക്കാമെന്നുമാണ് റഷ്യയുടെ നിലപാട്. ഇറാനുമായി കരാറിലെത്താനായില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. സമ്മർദ്ദത്തിലൂടെ ഇറാനെ കീഴടക്കാമെന്നത് അമേരിക്കയുടെ വ്യാമോഹം മാത്രമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും വ്യക്തമാക്കിട്ടുണ്ട്.



