ചികിത്സയില്‍ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. നില വഷ‍ളായതോടെ മാർപാപ്പയെ വെന്‍റിലേറ്ററിലേക്ക് മാറ്റിയെന്ന് വത്തിക്കാൻ വ്യക്തമാക്കി. ഛർദിയെ തുടർന്നുണ്ടായ ശ്വാസതടസവും ആരോഗ്യസ്ഥിതി വഷളാക്കി. മൂക്കിനുള്ളിലേക്ക് കടത്തിയ ട്യൂബിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാർപാപ്പയ്ക്ക് ഓക്സിജന്‍ നല്‍കിയിരുന്നത്. എന്നാല്‍ വ്യാഴാഴ്ച ഓക്സിജന്‍ മാസ്കിലേക്കും മാറിയിരുന്നു. 

ന്യുമോണിയ ബാധ ഗുരുതരമായതിനെ തുടര്‍ന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോപ്പിന് കൃത്രിമ ശ്വാസം നല്‍കുകയാണെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ‘ഫെബ്രുവരി 28ന് ഉച്ചതിരിഞ്ഞ്, പരിശുദ്ധ പിതാവിന് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു. പിന്നാലെ ശ്വസിക്കാന്‍ ബുദ്ധിമുട്ടും ഛര്‍ദിയും ഉണ്ടായി.’ -വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു.

നേരത്തെ മാര്‍പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വൃക്കകള്‍ക്ക് ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. ഇന്നലെ രാത്രി നടത്തിയ സിടി സ്‌കാനില്‍ ശ്വാസകോശ വീക്കം കണ്ടെത്തുകയായിരുന്നു. 2013ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ചുമതലയേറ്റത്. അതിന് ശേഷം ഉണ്ടായ ഏറ്റവും ദൈര്‍ഘ്യമേറിയ ആശുപത്രി വാസമാണിത്.