യു.എസിലെ കുടിയേറ്റക്കാര്‍ക്കും അഭിഭാഷകര്‍ക്കുമിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമായ പുതിയ വിസ നയത്തിന്റെ ആഘാതം കുറച്ചുകാണിച്ചുകൊണ്ട് യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി രംഗത്ത്. താല്‍ക്കാലിക വിസയുള്ളവരും മാനുഷിക പരിഗണനയില്‍ യു.എസില്‍ കഴിയുന്നവരുമായ ഭൂരിഭാഗം പേരും ഗ്രീന്‍ കാര്‍ഡ് അപേക്ഷ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങണമെന്നായിരുന്നു കഴിഞ്ഞ ആഴ്ച യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) പുറപ്പെടുവിച്ച കര്‍ശന നിര്‍ദേശം.

നിലവില്‍ യു.എസില്‍ താമസിച്ച് ഗ്രീന്‍ കാര്‍ഡിനായി അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്ന എല്ലാ വിദേശ പൗരന്മാരെയും ഈ പൊതുനയം പ്രതികൂലമായി ബാധിക്കുമെന്ന് കുടിയേറ്റ അനുകൂല സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി പുറത്തുവിട്ട വിശദീകരണത്തില്‍ ഈ ആശങ്കകള്‍ തള്ളി. യു.എസില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത ചിലര്‍ മാത്രമായിരിക്കും ഇമിഗ്രേഷന്‍ സര്‍വീസിന് പകരം വിദേശങ്ങളിലെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസുകള്‍ വഴി അപേക്ഷിക്കേണ്ടി വരികയെന്ന് ഡിഎച്ച്എസ് വ്യക്തമാക്കി.

നിയമപരമായും കൃത്യമായ യോഗ്യതകളോടെയും അപേക്ഷിക്കുന്ന ആര്‍ക്കും ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നത് പുതിയ നയം തടസപ്പെടുത്തില്ലെന്ന് ഏജന്‍സി കൂട്ടിച്ചേര്‍ത്തു. കൂടാതെ നിലവില്‍ ഗ്രീന്‍ കാര്‍ഡുള്ളവരെ ഈ പരിഷ്‌കാരം യാതൊരുവിധത്തിലും ബാധിക്കില്ലെന്നും അവര്‍ക്ക് യു.എസില്‍ തുടരുന്നതിനും വിദേശ യാത്രകള്‍ നടത്തുന്നതിനും പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ട്രംപ് ഭരണകൂടത്തിന്റെ കര്‍ശനമായ കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായി മെയ് 22 നാണ് യു.എസ്.സി.ഐ.എസ് പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്. യു.എസില്‍ വെച്ച് തന്നെ പദവി മാറ്റുന്നതിനുള്ള അപേക്ഷകളെ അസാധാരണമായ ആനുകൂല്യം ആയി മാത്രം പരിഗണിക്കാന്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന്, താല്‍ക്കാലിക ജോലി വിസയില്‍ യു.എസില്‍ കഴിയുകയും സ്ഥിര താമസത്തിനായി ശ്രമിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളെ പുതിയ നിയമം ബാധിക്കുമെന്ന ആശങ്കയിലാണ് ഇമിഗ്രേഷന്‍ അഭിഭാഷകരും സംഘടനകളും.