ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന ടിക്കറ്റ് കരിഞ്ചന്ത വിവാദത്തിൽ മുൻ പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസിനെതിരെ പോലീസ് കേസെടുത്തു. സംഘാടകരുടെ പരാതിയെത്തുടർന്ന് ബിധാനഗർ സൗത്ത് പോലീസാണ് മുൻ മന്ത്രിക്കെതിരെ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബർ 13-ന് കൊൽക്കത്ത വിവേകാനന്ദ യുവഭാരതി ക്രീഡാങ്കണിൽ നടന്ന ‘മെസ്സി ഗോട്ട് ടൂർ’ (Messi GOAT Tour) പരിപാടിയുടെ മുഖ്യ സംഘാടകനായ ശതാദ്രു ദത്ത നൽകിയ പരാതിയിലാണ് പോലീസിന്റെ അടിയന്തര നടപടി.

പരിപാടിക്ക് മുന്നോടിയായി സ്വന്തം ആവശ്യങ്ങൾക്കായി മുൻ മന്ത്രി അരൂപ് ബിശ്വാസ് വൻതോതിൽ ടിക്കറ്റുകൾ ആവശ്യപ്പെട്ടിരുന്നതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ഈ ആവശ്യം അംഗീകരിക്കാതിരുന്നാൽ മെസ്സി പങ്കെടുക്കുന്ന പരിപാടി തന്നെ റദ്ദാക്കിക്കളയുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായും സംഘാടകർ ആരോപിക്കുന്നു.

പിടിച്ചുപറി, ഭീഷണിപ്പെടുത്തൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങി അഞ്ച് കടുത്ത വകുപ്പുകൾ ചുമത്തിയാണ് മുൻ മന്ത്രിക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. മുൻ മന്ത്രിയും കൂട്ടരും സംഘാടകരെ ഭീഷണിപ്പെടുത്തി സൗജന്യമായി കൈക്കലാക്കിയ 22,000 ടിക്കറ്റുകൾ പിന്നീട് വൻ തുകയ്ക്ക് കരിഞ്ചന്തയിൽ മറിച്ചുവിറ്റതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഫുട്ബോൾ ആരാധകർ ഏറെ കാത്തിരുന്ന ഈ മെഗാ ഇവന്റിൽ, യഥാർത്ഥ കായികപ്രേമികൾക്ക് ടിക്കറ്റ് ലഭിച്ചില്ലെന്നും പകരം രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും അവരുടെ അടുത്ത ആളുകളും മാത്രമാണ് മെസ്സിക്കൊപ്പം അണിനിരന്നതെന്നും എഫ്.ഐ.ആറിൽ പറയുന്നു.

കേസിന് പിന്നാലെ പശ്ചിമ ബംഗാളിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമായിട്ടുണ്ട്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബി.ജെ.പി. സർക്കാർ ബംഗാളിൽ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് മുൻ തൃണമൂൽ കോൺഗ്രസ് (TMC) സർക്കാരിന്റെ കാലത്തെ അഴിമതികളും പരാതികളും ഒന്നൊന്നായി പുറത്തുവരുന്നത്. പഴയ കേസുകൾ വീണ്ടെടുത്ത് ടി.എം.സി നേതാക്കളെ രാഷ്ട്രീയമായി ലക്ഷ്യമിടുകയാണെന്ന ആരോപണവും ഇതോടെ ശക്തമായിട്ടുണ്ട്.