ഈജിപ്തും ജോർദാനും കൂടുതൽ പലസ്തീൻ അഭയാർഥികളെ സ്വീകരിക്കണമെന്ന ആവശ്യവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗസ മുനമ്പിൽ നിന്നും അഭയാർഥികളെ സ്വീകരിക്കണമെന്നാണ് ആവശ്യം. ഗസ്സ മുനമ്പിലെ ആളുകളെ സുരക്ഷിതമായ സ്ഥലത്ത് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തന്റെ നിർദേശമെന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസം എയർഫോഴ്സ് വൺ വിമാനത്തിൽവെച്ച് നടന്ന ചോദ്യോത്തരവേളയിലാണ് ട്രംപിന്റെ പരാമർശം. ഇതുമായി ബന്ധപ്പെട്ട് ജോർദാൻ രാജാവ് കിങ് അബ്ദുല്ല രണ്ടാമനുമായി സംസാരിച്ചുവെന്നും അദ്ദേഹം ​പറഞ്ഞു. ഈജിപ്ത് പ്രസിഡന്റ് അബ്ദേൽ ​ഫത്തേഹ് അൽ-സീസിയുമായി ഇക്കാര്യം സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈജിപ്ത് കൂടുതൽ ജനങ്ങളെ സ്വീകരിക്കുന്നത് കാണാനാണ് താൽപര്യം. 15 ലക്ഷം ആളുകളെ കുറിച്ചാണ് സംസാരിക്കുന്നത്. അവരെ മുഴുവൻ പുനരധിവസിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഫലസ്തീനികൾക്കിടയിൽ ബഹുജന പ്രസ്ഥാനം നിലവിലുണ്ട്. ആ പ്രസ്ഥാനം താൽക്കാലികമോ ദീർഘമോ ആവാമെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി വിവിധ തരത്തിലുള്ള സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് ഗസ മുനമ്പെന്നും അദ്ദേഹം പറഞ്ഞു. തകർന്ന പ്രദേശമായി ഗസ്സ മാറിയിരിക്കുന്നു. അവിടെ എല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ജനങ്ങൾ അവിടെ മരിക്കുകയാണ്. അറബ് രാജ്യങ്ങൾ കൂടുതൽ അഭയാർഥികളെ സ്വീകരിക്കാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, മുൻ പ്രസിഡന്റ് ജോ ബൈഡൻ തടഞ്ഞുവെച്ച 2,000 പൗണ്ട് ബോംബുകൾ ഇസ്രായേലിന് വിട്ടു​കൊടുക്കാൻ ട്രംപ് ഉത്തരവിട്ടു. ബോംബുകൾ വിതരണം ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.