പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ ക്യാബിനറ്റ്  യോഗത്തിൽ  മാധ്യമങ്ങൾക്ക് വിലക്ക്. റോയിട്ടേഴ്‌സിന്റെയും മറ്റ് വാർത്താ ഏജൻസികളുടെയും റിപ്പോർട്ടർമാർക്ക് വൈറ്റ് ഹൗസ് അനുമതി നിഷേധിച്ചു. 

ഓവൽ ഓഫീസിൽ  ഏതൊക്കെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് വൈറ്റ് ഹൗസ് തീരുമാനിക്കുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർ, റോയിട്ടേഴ്‌സ്, ഹഫ്‌പോസ്റ്റ്, ജർമ്മൻ പത്രമായ ഡെർ ടാഗെസ്‌പീഗൽ എന്നിവയിൽ നിന്നുള്ള മൂന്ന് റിപ്പോർട്ടർമാർക്കാണ്  വൈറ്റ് ഹൗസ് അനുമതി നിഷേധിച്ചത്. എബിസി, ന്യൂസ്മാക്‌സ് എന്നിവയിൽ നിന്നുള്ള ടിവി ടീമുകൾക്കും ആക്‌സിയോസ്, ദി ബ്ലേസ്, ബ്ലൂംബെർഗ് ന്യൂസ്, എൻപിആർ എന്നിവയിൽ നിന്നുള്ള ലേഖകർക്കും പരിപാടി റിപ്പോർട്ട് ചെയ്യാൻ അനുമതി നൽകി.

വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അസോസിയേഷനാണ് പരമ്പരാഗതമായി പ്രസിഡൻഷ്യൽ പ്രസ് പൂളിന്റെ റൊട്ടേഷൻ ഏകോപിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര വയർ സർവീസായ റോയിട്ടേഴ്‌സ് പതിറ്റാണ്ടുകളായി ഈ പൂളിൽ പങ്കെടുത്തിട്ടുണ്ട്. വൈറ്റ് ഹൗസ് തീരുമാനം ഒന്നാം ഭേദഗതിയിലെ പത്രസ്വാതന്ത്ര്യ അവകാശത്തിന്റെ ലംഘനമാണെന്ന് ഹഫ്പോസ്റ്റ് പ്രതികരിച്ചു. മെക്സിക്കോ ഉൾക്കടലിനെ ‘അമേരിക്ക ഉൾക്കടൽ’ എന്ന് പരാമർശിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് അസോസിയേറ്റഡ് പ്രസ്സിനു വിലക്ക് എന്ന് റിപോർട്ടുകൾ  പറയുന്നു.