ആധുനിക അമേരിക്കയിലെ ഏറ്റവും പ്രഭാവശാലിയായ വൈസ് പ്രസിഡന്റും ഭീകരവാദത്തിനെതിരായ യുദ്ധത്തിന്റെ മുഖ്യ ആർക്കിടെക്ടുമായ ഡിക്ക് ചെനി അന്തരിച്ചു. 84 വയസായിരുന്നു. ന്യൂമോണിയ, ഹൃദയരോഗം, രക്തക്കുഴലുകങ്കളുടെ അസുഖങ്ങൾ എന്നിവ മൂലമുണ്ടായ സങ്കീർണതകൾ കാരണമാണ് അദ്ദേഹത്തിന്റെ മരണമെന്നും ഭാര്യ ലിൻ, മക്കളായ ലിസ്, മേരി തുടങ്ങിയവരും മറ്റ് കുടുംബാംഗങ്ങളും അന്ത്യനിമിഷത്തിൽ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നുവെന്നും കുടുംബം പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
“ഡിക്ക് ചെനി ഒരു മഹത്തായ നല്ല വ്യക്തിയായിരുന്നു. നമ്മുടെ രാഷ്ട്രത്തെ സ്നേഹിക്കാനും ധൈര്യം, ബഹുമാനം, സ്നേഹം, ദയ, ഫ്ലൈ ഫിഷിംഗ് എന്നിവയോടെ ജീവിക്കാനും അദ്ദേഹം തന്റെ മക്കളെയും പേരക്കുട്ടികളെയും പഠിപ്പിച്ചു,” കുടുംബം കൂട്ടിച്ചേർത്തു.
“ഡിക്ക് ചെനി നമ്മുടെ രാജ്യത്തിനായി നിർവഹിച്ച എല്ലാ പ്രവർത്തനങ്ങൾക്കും അപാരമായ നന്ദിയുണ്ട്. ഈ മഹാനായ വ്യക്തിയെ സ്നേഹിക്കാനും അദ്ദേഹത്താൽ സ്നേഹിക്കപ്പെടാനും കഴിഞ്ഞതിൽ ഞങ്ങൾ അപാരമായി അനുഗ്രഹീതരാണ്.” – കുടുംബത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു.
റിപ്പബ്ലിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷിന്റെ കീഴിൽ 2001 മുതൽ 2009 വരെ രണ്ട് ടേമുകൾ സേവനമനുഷ്ഠിച്ച 46-ാം വൈസ് പ്രസിഡന്റായ ചെനി ദശാബ്ദങ്ങളോളം വാഷിംഗ്ടണിലെ ഒരു പ്രമുഖ ശക്തികേന്ദ്രമായിരുന്നു. എന്നാൽ, അവസാന വർഷങ്ങളിൽ, കടുത്ത യാഥാസ്ഥിതികനായി തുടർന്ന ചെനി, പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭീരു എന്ന് വിളിക്കുകയും റിപ്പബ്ലിക്കൻ പാർട്ടിക്കുള്ള ഏറ്റവും വലിയ ഭീഷണിയായി ചിത്രീകരിക്കുകയും ചെയ്തതിനാൽ സ്വന്തം പാർട്ടിയിൽ ഒറ്റപ്പെട്ടുപോയി.



