നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് അമേരിക്ക സാക്ഷ്യംവഹിക്കുമ്പോള്‍ 18,000 ഇന്ത്യക്കാര്‍ പുറത്തായേക്കും. അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമപട്ടിക യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്(ഐ.സി.ഇ.) നവംബറില്‍ പുറത്തുവിട്ടിരുന്നു.

പട്ടികയില്‍ 17,940 പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. കൂടുതലും ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇവരെ ഇന്ത്യയിലേക്ക് തിരികെ അയച്ചേക്കും. തങ്ങളുടെ പൗരരെന്ന് വിശ്വസിക്കപ്പെടുന്നവരെ സ്വീകരിക്കാന്‍ വിദേശ സര്‍ക്കാരുകള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ.സി.ഇ വ്യക്തമാക്കി.

അധികൃതരുടെ ഏകോപനത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി ഐ.സി.ഇ ഇന്ത്യയെ സഹകരിക്കാത്തവരുടെ വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്. മടങ്ങിയെത്തുന്ന പൗരരെ സ്വീകരിക്കുന്ന കാര്യത്തില്‍ രാജ്യങ്ങള്‍ കാണിക്കുന്ന നിസഹകരണം അടിസ്ഥാനമാക്കിയാണ് ഈ തരംതിരിവ്. നിലവില്‍ ഇന്ത്യ, പാകിസ്ഥാന്‍, ഭൂട്ടാന്‍, ചൈന, റഷ്യ, ഇറാന്‍ തുടങ്ങി 15 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. കഴിഞ്ഞ ദിവസം ടൈം മാഗസിന്റെ ‘പേഴ്സണ്‍ ഓഫ് ദ ഇയര്‍’ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നല്‍കിയ അഭിമുഖത്തില്‍ നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കാന്‍ സൈന്യത്തെയും മറ്റ് ആഭ്യന്തരസുരക്ഷാ ഏജന്‍സികളെയും ഉപയോഗിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

മതിയായ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന നൂറോളം ഇന്ത്യക്കാരെ കഴിഞ്ഞ ഒക്ടോബറില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ യു.എസ്. തിരിച്ചയച്ചിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ 2023-24 സാമ്പത്തികവര്‍ഷം 1100-ഓളം പേരെ നാടുകടത്തിയെന്നാണ് യു.എസ് ആഭ്യന്തരസുരക്ഷാവകുപ്പ് പറയുന്നത്. അക്കാലയളവില്‍ 145 രാജ്യങ്ങളില്‍ നിന്നുള്ള 1.6 ലക്ഷം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചെന്നും അതിനായി 495 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തിയെന്നുമാണ് ആഭ്യന്തരസുരക്ഷാവകുപ്പ് വ്യക്തമാക്കുന്നത്.