തിരുവനന്തപുരം: ചിറയിന്‍കീഴില്‍ എട്ടുവയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് തള്ളി കുടുംബം. ചികിത്സാവീഴ്ച ഉണ്ടായെന്നും ജീവനക്കാര്‍ അവഗണിച്ചെന്നും കുട്ടിയുടെ അച്ഛന്‍ ദിലീപ്.

തലചുറ്റുന്നുണ്ടെന്നും എല്ലാം രണ്ടായിട്ടാണ് കാണുന്നതെന്നും കുഞ്ഞ് പറഞ്ഞതാണ്. പക്ഷെ അധികൃതര്‍ കാര്യമാക്കിയില്ലെന്നും അച്ഛന്‍ ആവര്‍ത്തിച്ചു. ചിറയിന്‍കീഴ് ആശുപത്രിയില്‍ നിന്നും ആന്റിവെനം കൊടുത്തശേഷം മെഡിക്കല്‍കോളേജിലേക്ക് കുട്ടിയെ വിടാമായിരുന്നുവെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ വീഴ്ചയില്ലെന്നാണ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡിഎംഒയ്ക്ക് ന്ല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. പാമ്പ് കടിയേറ്റെന്ന് സ്ഥിരീകരിക്കാന്‍ ആയില്ലെന്നാണ് വിശദീകരണം. രക്ത പരിശോധനയില്‍ പ്രശ്നങ്ങള്‍ കണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശുപത്രിയില്‍ ആന്റിവെനം ഇല്ലെന്ന കുടുംബത്തിന്റെ ആരോപണവും സൂപ്രണ്ട് തള്ളി. ആശുപത്രിയില്‍ ആന്റിവെനം 27 വയല്‍ സ്റ്റോക്ക് ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകന്‍ ദിക്ഷല്‍ പാമ്പ് കടിയേറ്റ് മരിച്ചത്. 

പിന്നാലെ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. കുഞ്ഞിന് വയ്യെന്ന് പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്ന് ദിലീപ് . ഡോക്ടര്‍ ഒന്ന് തൊട്ടുപോലും നോക്കിയില്ലെന്നും നേഴ്‌സ് മാത്രമാണ് തട്ടി നോക്കിയതെന്നും ദിലീപ് പറഞ്ഞിരുന്നു.