ചൈനയിൽ ജനനനിരക്ക് കുറയുന്ന സാഹചര്യത്തിൽ, വിവാഹ പ്രായം 18 ആയി കുറയ്ക്കാൻ നിർദ്ദേശം. ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസ് (സിപിപിസിസി) കമ്മിറ്റി അംഗമായ ചെൻ സോങ്‌സിയാണ് ഇത് നിർദ്ദേശിച്ചത്. നിലവിൽ, ചൈനയിലെ നിയമപരമായ വിവാഹ പ്രായം പുരുഷന്മാർക്ക് 22 ഉം സ്ത്രീകൾക്ക് 20 ഉം ആണ്. ഇത് ലോകത്തില്‍ തന്നെ ഉയര്‍ന്ന പ്രായമാണ്. വിവാഹ പ്രായം കുറയ്ക്കുന്നതിലൂടെ പ്രത്യുല്‍പാദന ശേഷി വര്‍ധിക്കുമെന്നും അങ്ങനെ ജനസംഖ്യ കുറയുന്നുകൊണ്ടുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനാകുമെന്നും ചെൻ സോങ്‌സി വ്യക്തമാക്കുന്നു.

ജനനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനും വിവാഹവും പ്രസവവും പ്രോത്സാഹിപ്പിക്കുന്നതിന് ഒരു പ്രത്യേക സംവിധാനം സ്ഥാപിക്കാനും ചെൻ സോങ് ശുപാർശ ചെയ്യുന്നു. തുടർച്ചയായ മൂന്നാം വർഷവും ചൈനയുടെ ജനസംഖ്യ കുറഞ്ഞുവരികയാണ്. കൂടാതെ, 2024 ൽ വിവാഹങ്ങൾ അഞ്ചിലൊന്നായി കുറഞ്ഞു. അതുകൊണ്ടാണ് സിപിപിസിസി അംഗം ഈ നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നത്.

1980നും 2015നും ഇടയില്‍ നടപ്പാക്കിയ ‘നാം രണ്ട് നമുക്ക് ഒന്ന്’ എന്ന നയമാണ് ചൈനക്ക് ജനസംഖ്യാപരമായി ഇപ്പോള്‍ വെല്ലുവിളി സൃഷ്ടിക്കുന്നത്. 2021ല്‍ മൂന്ന് കുട്ടികള്‍ വരെ ആകാമെന്ന് തിരുത്തിയെങ്കിലും ഒരു ചലനവും സൃഷ്ടിച്ചില്ല. ജനനനിരക്ക് കുറയുന്ന പ്രവണതയാണ് പിന്നീടുള്ള വര്‍ഷങ്ങളിലും കണ്ടത്. രാജ്യത്തെ നിയമപരമായ വിവാഹപ്രായം അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടണമെന്നും ഒരു കുടുംബത്തിന് ഉണ്ടാകാവുന്ന കുട്ടികളുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.