ബോളിവുഡിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള സംവിധായകനും നിർമാതാവുമാണ് കരൺ ജോഹർ. ഇപ്പോഴിതാ, തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറയുകയാണ് അദ്ദേഹം. സ്വന്തം ശരീരം തന്റെ പ്രതിച്ഛായയെ എങ്ങിനെ ബാധിക്കുന്നുവെന്ന് ഓർത്ത് ആശങ്കയുണ്ടായിരുന്നു. സ്വയം ചിന്തിച്ചുകൂട്ടുന്ന കുറവുകളെക്കുറിച്ച് ഓർത്ത് ആശങ്കാകുലനായിരുന്നുവെന്നും രാജ് ഷമനി അവതരിപ്പിക്കുന്ന പോഡ്കാസ്റ്റിൽ സംസാരിക്കവെ കരൺ പറഞ്ഞു.

താൻ ബോഡി ഡിസ്മോർഫിയയാൽ ബുദ്ധിമുട്ടുന്നുണ്ട്. സ്വന്തം ശരീരത്തെക്കുറിച്ച് ഓർത്ത് ലജ്ജ തോന്നുന്നു. കണ്ണാടിയിൽ പോലും നോക്കാൻ തോന്നാത്ത അവസ്ഥയാണ്. വസ്ത്രമില്ലാതെ നിൽക്കുന്നത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എന്താണ് ബോഡി ഡിസ്മോർഫിയ?

സ്വന്തം ശരീരത്തിൽ ആത്മവിശ്വാസമില്ലാതിരിക്കുകയും പുറംകാഴ്ച്ചയിലെ കുറവുകളെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്ന മാനസികാവസ്ഥയാണിത്. പലപ്പോഴും വ്യക്തിക്ക് തോന്നുന്ന ഈ കുറവുകൾ കാഴ്ച്ചക്കാരന് തോന്നണമെന്നില്ല. ഏതു പ്രായക്കാരിലും ഈ അവസ്ഥയുണ്ടാകും. എങ്കിലും കൗമാരക്കാരിലും യുവാക്കളിലുമാണ് കൂടുതൽ കാണപ്പെടാറുള്ളത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന അവസ്ഥയാണിത്. തിരിച്ചറിയപ്പെടാതെ പോയാൽ ദൈനംദിന ജീവിതത്തെയും സാമൂഹിക ജീവിതത്തെയും ബന്ധങ്ങളെയും ജോലിയെയുമൊക്കെ വിപരീതമായി ബാധിക്കാവുന്ന അവസ്ഥയാണിത്. ലക്ഷണങ്ങൾ ജീവിതത്തെ ബാധിക്കും വിധം അസ്വസ്ഥമാവുകയാണെങ്കിൽ വിദ​ഗ്ധസഹായം തേടേണ്ടതും അനിവാര്യമാണ്. കോ​ഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ആന്റി ഡിപ്രസന്റുകൾ തുടങ്ങിയവയാണ് ചികിത്സയായി നൽകാറുള്ളത്.

ലക്ഷണങ്ങൾ

  • ശരീരത്തിന്റെ ഒരു പ്രത്യേക ഭാ​ഗത്തെക്കുറിച്ച് വളരെയധികം ആശങ്കപ്പെടൽ(പ്രത്യേകിച്ച് മുഖത്തെക്കുറിച്ച്).
  • മറ്റുള്ളവരുമായി സ്വന്തം ശരീരത്തെ താരതമ്യപ്പെടുത്തൽ.
  • കണ്ണാടിക്കു മുമ്പിൽ ഏറെനേരം ചെലവഴിക്കുകയോ കണ്ണാടിക്കു മുന്നിൽ തീരെ പ്രത്യക്ഷപ്പെടാതിരിക്കുകയോ ചെയ്യുക. 
  • വസ്ത്രം ധരിക്കുന്നതിനും മേക്കപ് ഇടുന്നതിനും മുടി ചീകുന്നതിനുമൊക്കെയായി ഏറെസേമയം ചെലവഴിക്കുക. 

കാരണങ്ങൾ

ബോഡി ഡിസ്മോർഫിയയുടെ യഥാർഥ കാരണങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ചില അവസ്ഥകൾ അതിലേക്ക് നയിക്കാനിടയുണ്ട്. 

  • ജനിതകപരമായ കാരണങ്ങളാണ് അവയിലാദ്യം. കുടുംബത്തിൽ ആർക്കെങ്കിലും ബോഡി ഡിസ്മോർഫിയ ഉണ്ടെങ്കിലോ ഒബ്സസീവ് കംപൽസീവ് ഡിസോർഡറോ വിഷാദരോ​ഗമോ ഉണ്ടെങ്കിലോ സാധ്യത കൂടുതലാണ്. 
  • മസ്തിഷ്കത്തിലെ കെമിക്കൽ അസന്തുലിതാവസ്ഥ. 
  • കുട്ടിക്കാലത്ത് ഉണ്ടാകുന്ന മാനസികാഘാതങ്ങൾ. ബാല്യകാലത്തിൽ ശരീരത്തെക്കുറിച്ച് ക്രൂരമായി കളിയാക്കപ്പെടുകയും മറ്റും ചെയ്തിട്ടുണ്ടെങ്കിലും സാധ്യതയുണ്ട്.

ബോഡി ഡിസ്മോർഫിയ ബാധിതരായ ചില വ്യക്തികളിൽ ഒ.സി.ഡി., ആങ്സൈറ്റി ഡിസോർഡർ, ഈറ്റിങ് ഡിസോർഡർ തുടങ്ങിയവയും കാണാറുണ്ട്.