ബെലറുസ്: ദിവസം ഏഴു തവണ വരെ ഭക്ഷണം കഴിച്ചിരുന്ന ‘ഭീമാകാരനായ’ ബോഡി ബിൽഡർ 36 ആം വയസ്സിൽ അന്തരിച്ചു. ലോകത്തിലെ ഏറ്റവും ‘ഭീമാകാരനായ’ ബോഡി ബിൽഡർ എന്നറിയപ്പെടുന്ന ബെലറുസിലെ ഇല്ലിയ യെഫിംചിക് ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. 

ദിനേനയുള്ള അ​ദ്ദേഹത്തിന്റെ ഭക്ഷണത്തിൽ 2.5 കിലോഗ്രാം ബീഫും ജാപ്പനീസ് ഭക്ഷണമായ സുഷിയുടെ 108 കഷണങ്ങളും ഉൾപ്പെട്ടിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദിവസവും 16,500 കലോറി വരെ ഭക്ഷണം ഇയാൾ കഴിച്ചിരുന്നു. ഇല്ലിയ യെഫിംചിക്കിന് വീട്ടിൽ വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അബോധാവസ്ഥയിലാവുകയും ദിവസങ്ങൾക്കു ശേഷം മരിക്കുകയുമായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് സെപ്റ്റംബർ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സെപ്റ്റംബർ 11ന് അദ്ദേഹം മരിക്കുകയായിരുന്നുവെന്ന് ഭാര്യ അന്ന അറിയിച്ചു. ഹൃദയാഘാതം സംഭവിച്ച് ആംബുലൻസ് വരുന്നതു വരെ ഭാര്യ അദ്ദേഹത്തിന് പ്രഥമചികിത്സ നടത്തിയതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലിമെയിൽ റിപ്പോർട്ട് ചെയ്തു. പിന്നീട് ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ചു. 

‘അദ്ദേഹം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിച്ച് ഞാൻ ഇക്കാലമത്രയും പ്രാർഥിച്ചു’ അന്ന ബെലറൂഷ്യൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഹൃദയം രണ്ട് ദിവസത്തേക്ക് വീണ്ടും മിടിക്കാൻ തുടങ്ങിയെങ്കിലും മസ്തിഷ്കം മരിച്ചുവെന്ന് ഡോക്ടർ എനിക്ക് വേദനാജനകമായ വാർത്ത നൽകിയതായും ഭാര്യ കൂട്ടിച്ചേർത്തു. എല്ലാവർക്കും അനുശോചനത്തിന് നന്ദി പറയുന്നതായും അവർ പറഞ്ഞു.