ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ ഉത്സവമായി ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികൾ തിരുവോണത്തെ വരവേൽക്കുകയാണ്. മാനുഷ്യരെല്ലാം ഒന്നുപോലെ കഴിഞ്ഞ കാലത്തിന്റെ ഗതകാലസ്മരണകളുമായി മലയാളികൾ ഓണം ആഘോഷിച്ചു തുടങ്ങി. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ജാതിമതമോ എന്നിങ്ങനെ വേർതിരിവില്ലാതെ മലയാളികൾ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം.
മലയാളികൾക്ക് എന്നും കൂട്ടായ്മയുടെ ഉത്സവമാണ് ഓണം. പൂക്കളം ഇട്ടും ഓണക്കോടിയുടുത്തും ഓണ സദ്യയൊരുക്കിയും നാടും മറുനാടൻ മലയാളികളും ഓണാഘോഷ ലഹരിയിലാണ്.
അത്തം ഒന്ന് മുതൽ തുടങ്ങുന്ന ഒരുക്കങ്ങൾ പത്താം നാൾ തിരുവോണ ദിനത്തിലാണ് അവസാനിക്കുന്നത്. തിരുവോണ ദിനത്തിൽ മഹാബലി തന്റെ പ്രജകളെ കാണാൻ വരുന്ന ദിവസം കൂടിയാണെന്നാണ് ഐതിഹ്യം. മഹാബലിയെ വരവേൽക്കുന്ന ദിവസത്തിൽ ഒത്തുച്ചേരലിന്റെ സ്നേഹം പങ്കിടാൻ വീടുകളും ഒരുങ്ങിക്കഴിഞ്ഞു.
കേരളത്തിന്റെ കാർഷികോത്സവം കൂടിയാണ് ഓണം. മലയാളികൾക്ക് ഇത്തവണത്തെ ഓണം അതിജീവനത്തിൻ്റേത് കൂടിയാണ്. വനാട് ദുരന്തത്തിന്റെ അതിജീവന ഓർമ്മകളുമായാണ് മലയാളികൾ ഓണത്തെ വരവേല്‍ക്കുന്നത്.