തിരുവനന്തപുരത്ത് കാപ്പാ കേസിൽ ബിജെപി കൗൺസിലർ പിടിയിൽ. വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതൻ ആണ് പിടിയിലായത്. വട്ടിയൂർക്കാവ് പൊലീസ് നാടകീയമായാണ് പ്രതിയെ പിടികൂടിയത്. അനുയായികൾ പോലീസിനെ വളഞ്ഞതോടെ എസ് എച്ച് ഒ ആകാശത്തേക്ക് വെടിവച്ചു. ഒളിവിലിരിക്കേയാണ് പോലീസ് സുഗതനെ പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു.
ഹൈക്കോടതിയിൽ നേരത്തെ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിരുന്നു. മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതോടെയാണ് പോലീസ് പിടികൂടിയത്. ബലപ്രയോഗത്തിലൂടെയാണ് സുഗതനെ അറസ്റ്റ് ചെയ്തു നീക്കിയത്. ഉത്സവ പറമ്പിൽ പ്രശ്‌നമുണ്ടാക്കി ഒരാളെ വധിക്കാൻ ശ്രമിച്ചെന്നതാണ് സുഗതനെതിരായ കേസ്. ഏഴാം തീയതിക്കകം സുഗതനെ അറസ്റ്റ് ചെയ്യണമെന്ന് നിർദേശിച്ചിരുന്നു. ഒളിവിൽ കഴിഞ്ഞ സുഗതൻ വാഴോട്ടുകോണത്ത് എത്തിയെന്നറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തി പ്രതി പിടികൂടിയത്. ഇതിനിടെയാണ് പൊലീസിനെ ആക്രമിക്കാനായി അനുയായികൾ എത്തിയത്. തുടർന്ന് ഇവരിൽ നിന്ന് രക്ഷ നേടാനാണ് എസ്എച്ച്ഒ ആകാശത്തേക്ക് വെടിവെച്ചത്.



