കണ്ണൂരിൽ സ്വർണ്ണം പൊട്ടിക്കൽ കേസിൽ പോലീസ് പിടിയിലായ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സിപിഐഎം. വട്ടപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറി ശരത്തിനെതിരെയാണ് നടപടി. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിൽ പെരുമാറിയതിന് പുറത്താക്കിയതായി സിപിഐഎം ജില്ലാ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞദിവസമാണ് സ്വർണ്ണം പൊട്ടിക്കൽ കേസുമായി ബന്ധപ്പെട്ട് കരിപ്പൂരിൽ വച്ച് ശരത്തിനെ പൊലീസ് പിടിച്ചത്.
കണ്ണൂർ സ്വദേശികളായ 9 പേർ, ഒരു കോഴിക്കോട് സ്വദേശി, രണ്ട് മലപ്പുറം സ്വദേശികൾ, ഒരു കർണാടക സ്വദേശിയുൾപ്പെടെ 13 പേരെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്ന് സ്വർണവും പണവും കവരാൻ ലക്ഷ്യമിട്ടാണ് ഇവർ എത്തിയത്. പ്രതികളുടെ പക്കൽ നിന്നും രണ്ട് കാറുകൾ, രണ്ട് സ്കൂട്ടറുകൾ, 14 മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി അൻസാറിന്റെയും പരപ്പനങ്ങാടി സ്വദേശി അലി അക്ബറിന്റെയും നിർദേശപ്രകാരമാണ് പ്രതികൾ കരിപ്പൂരിൽ സ്വർണം പൊട്ടിക്കാനായി എത്തിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഏരിയകളിലും ഇന്റർനാഷണൽ അറൈവൽ ഏരിയയിലുമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.



