ബെംഗളൂരു: ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ആക്രമണത്തിൽ പരിക്കേറ്റ തൃശൂർ സ്വദേശിനി മരിച്ചു. വാടാനപ്പള്ളി സ്വദേശിനിയായ നാൽപ്പത്തിയേഴുകാരിയാണ് മരിച്ചത്. ഈ മാസം മൂന്നാം തീയതിയാണ് യുവതി ആക്രമണത്തിന് ഇരയായത്. ബെംഗളൂരുവിൽ ജോലിക്കെത്തിയതായിരുന്നു യുവതി. സംഭവത്തിൽ മലയാളിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നായ്ക്കളെ പരിചരിക്കുന്ന ജോലിക്കായാണ് യുവതി ബെംഗളൂരുവിലേക്ക് എത്തിയത്. ബെഗളൂരുവിലെ മലയാളിയായ ദീപക്കിൻ്റെ വീട്ടിലായിരുന്നു നായകളെ നോക്കയിരുന്നത്. ഇതിനിടെയാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. സംഭവത്തിൽ ദീപക് കൃഷ്ണയ്ക്കെതിരെ യുവതിയുടെ ഭർത്താവ് മൊഴി നൽകിയിട്ടുണ്ട്.

താൻ യുവതിയെ ആക്രമിച്ചെന്ന് ദീപക് കൃഷ്ണ പുറത്തിറക്കിയ വീഡിയോയിൽ പറയുന്നുണ്ട്. യുവതിയെ താൻ ആക്രമിച്ചെന്നും അവരെ ആംബുലൻസിൽ കൊണ്ടുപോയിട്ടുണ്ടെന്നുമാണ് ദീപക് വീഡിയോയിൽ പറയുന്നത്. തൃശൂർ ഈസ്റ്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കായി തെരച്ചിൽ നടത്തി വരികയാണ്

നായ്ക്കളെ പരിചരിക്കാനായി മറ്റ് രണ്ടുപേർക്കൊപ്പമാണ് യുവതി ബംഗളൂരുവിൽ എത്തിയത്. ഇവിടെ വെച്ച് ദീപക് ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. അക്രമം ചെറുത്തതോടെ യുവതിയുടെ തലയ്ക്കും കഴുത്തിനും ക്രൂരമായി മർദിച്ചെന്നാണ് പരാതി. ആക്രമണത്തിൽ യുവതിയുടെ തലച്ചോറിനുൾപ്പെടെ ക്ഷതം സംഭവിച്ചിരുന്നു.