രിടവേളയ്ക്ക് ശേഷം വീണ്ടും ചർച്ചയായി വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം. ഡ്രൈവർ ആരുന്ന അർജുനെ പോലീസ്  അറസ്റ്റ് ചെയ്തതോടെയാണ് കേരളത്തെ നടുക്കിയ മരണത്തിൽ വീണ്ടും ചർച്ചകളുയരുന്നത്. ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്നും സ്വർണക്കടത്ത് സംഘങ്ങൾക്ക് ഇതിൽ പങ്കുണ്ടെന്നുമായിരുന്നു ആരോപണം. അപകടത്തിന് തൊട്ടുമുൻപ് ബാലഭാസ്കറിന്റെ കാർ ആക്രമിക്കുന്നത് കണ്ടതായി കലാഭവൻ സോബിയും മൊഴി നൽകിയിരുന്നു. 

അപകടത്തിൽ ദുരൂഹതയില്ലെന്നും അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. പിന്നീട് കേസ് അന്വേഷിച്ച സി.ബി.ഐ.യും അപകടമരണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് കണ്ടെത്തിയത്. സി.ബി.ഐ. റിപ്പോർട്ട് കോടതിയും അംഗീകരിച്ചു. എന്നാൽ, കേസിൽ തങ്ങൾ ഉന്നയിച്ച പല ആക്ഷേപങ്ങളും അന്വേഷിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബാലഭാസ്കറിന്റെ അച്ഛൻ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. 

2018 സെപ്റ്റംബർ 25-നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ ദേശീയപാതയിൽ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് മരത്തിലിടിച്ച് അപകടമുണ്ടായത്. ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, മകൾ തേജസ്വിനി ബാല, ഡ്രൈവർ അർജുൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടുവയസ്സുകാരി തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടാം തീയതിയും മരണത്തിന് കീഴടങ്ങി.

കേസിൽ അർജുൻ ഉൾപ്പെടെ നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. എന്നാൽ, വാഹനം ഓടിച്ചിരുന്നത് ആരാണെന്നത് സംബന്ധിച്ച് തുടക്കംമുതൽ സംശയങ്ങളുണ്ടായി. വാഹനം ഓടിച്ചത് ബാലഭാസ്കറാണെന്നായിരുന്നു അർജുന്റെ മൊഴി. എന്നാൽ, അർജുനാണ് വാഹനമോടിച്ചതെന്ന് ബാലഭാസ്കറിന്റെ ഭാര്യയും നേരത്തെ മൊഴി നൽകിയിരുന്നു. ഇതെല്ലാം സംശയങ്ങൾക്കിടയാക്കിയിരുന്നു. 

പെരിന്തൽമണ്ണയിലെ സ്വർണക്കവർച്ച…

പെരിന്തൽമണ്ണയിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വീട്ടിലേക്ക് പോകുകയായിരുന്ന ജൂവലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വർണം കവർന്നത്. ആസൂത്രിതമായി നടന്ന വൻകവർച്ചയിൽ നേരത്തെ 13 പ്രതികളെ പോലീസ് പിടികൂടിയിരുന്നു. ഇതിൽ തൃശ്ശൂർ പാട്ടുരായ്ക്കൽ പറക്കോട്ടിൽ ലൈനിൽ കുറിയേടത്തു മന അർജുനും(28) ഉണ്ടായിരുന്നു. ഇയാളെ ചോദ്യംചെയ്തതോടെയാണ് നേരത്തെ ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുനാണെന്ന് വ്യക്തമായത്. മോഷ്ടിച്ച സ്വർണവുമായി ചെർപ്പുളശ്ശേരിയിലെത്തിയ ഒരു സംഘത്തെ മറ്റൊരു വാഹനത്തിലെത്തി കൂട്ടിക്കൊണ്ടുപോയത് അർജുനാണെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞദിവസം പ്രതികളിൽനിന്ന് 1.72 കിലോഗ്രാം സ്വർണവും 32 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. പ്രതികളായ തൃശ്ശൂർ സ്വദേശികളുടെ വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണവും പണവും. തൃശ്ശൂർ കിഴക്കുംപാട്ടുകര സ്വദേശി മിഥുൻരാജ് എന്ന അപ്പുവിന്റെ വീട്ടിൽനിന്നാണ് സ്വർണത്തിന്റെ ഉരുക്കിയ നാല് കട്ടകൾ കണ്ടെടുത്തത്.

തൃശ്ശൂർ കണ്ണാറ കഞ്ഞിക്കാവിൽ ലിസൺ എന്നയാളുടെ വീട്ടിൽനിന്ന് രണ്ട് സ്വർണ കട്ടകളും അരക്കിലോ സ്വർണം വിറ്റതിന്റെ പണവും കണ്ടെത്തി. പ്രതിയായ പീച്ചി കണ്ണാറ പായ്യാംകോട്ടിൽ സതീഷിന്റെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ ഉരുക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. 

കൈച്ചെയിനുകൾ ക്ഷേത്ര ഭണ്ഡാരത്തിൽ കാണിക്കയായിട്ടു…

പ്രതികൾ മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ ഉൾപ്പെട്ട കൈച്ചെയിനുകൾ തൃശ്ശൂരിലെ ക്ഷേത്ര ഭണ്ഡാരത്തിൽനിന്നാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. മോഷണത്തിന് ശേഷം തൃശ്ശൂർ ഭാഗത്തേക്ക് പോയ പ്രതികൾ കൈച്ചെയിനുകൾ ക്ഷേത്രത്തിൽ കാണിക്കയിടുകയായിരുന്നു.

ജൂവലറി ഉടമകൾ നൽകിയ വിവരങ്ങളിൽ കൈച്ചെയിനുകളും നഷ്ടപ്പെട്ടതായി പറഞ്ഞിരുന്നു. പ്രതികളെ ചോദ്യംചെയ്തതോടെയാണ് കൈച്ചെയിനുകൾ ക്ഷേത്ര ഭണ്ഡാരത്തിൽ കാണിക്കയിട്ടെന്ന് സമ്മതിച്ചത്. ഇതോടെ ക്ഷേത്ര ഭാരവാഹികളെ ബന്ധപ്പെട്ട് ഭണ്ഡാരം തുറന്നാണ് ഇവ പോലീസ് കണ്ടെടുത്തത്.