ഇറാൻ യുദ്ധത്തെ തുടർന്ന് വ്യോമയാന ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, അമേരിക്കൻ എയർലൈൻസ് തങ്ങളുടെ ചില സമ്മർ സർവീസുകൾ താൽക്കാലികമായി നിർത്തലാക്കുന്നു. വരും മാസങ്ങളിൽ യാത്രക്കാർക്ക് കനത്ത തിരിച്ചടിയാകുന്നതാണ് കമ്പനിയുടെ ഈ തീരുമാനം.
ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ചില റൂട്ടുകളിലെ സർവീസുകളാണ് എയർലൈൻ പുനഃക്രമീകരിച്ചിട്ടുള്ളത്. സർവീസുകൾ റദ്ദാക്കുന്നത് വഴി ബുദ്ധിമുട്ടിലാകുന്ന യാത്രക്കാർക്ക് പകരം യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തുകയോ, ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകുകയോ ചെയ്യുമെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഏതൊക്കെ റൂട്ടുകളാണ് റദ്ദാക്കിയതെന്ന് അമേരിക്കൻ എയർലൈൻസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ലോസ് ഏഞ്ചൽസ് ഉൾപ്പെടെയുള്ള വടക്കേ അമേരിക്കയിലെ ആറ് പ്രധാന റൂട്ടുകളെയാണ് ഇത് ബാധിക്കുകയെന്നാണ് വ്യോമയാന രംഗത്തെ വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്.
ആഗോള വിപണിയിൽ ഇന്ധനവിലയിലുണ്ടായ വർദ്ധനവ് വ്യോമയാന മേഖലയെ പൊതുവായി ബാധിച്ചിട്ടുണ്ടെന്ന് ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ എയർലൈൻസ് വ്യക്തമാക്കി. എന്നാൽ സർവീസുകൾ ശാശ്വതമായി നിർത്തലാക്കില്ലെന്നും, യു.എസിലെ ഏറ്റവും വലിയ ശൃംഖലയുള്ള എയർലൈനായി കമ്പനി തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. വിമാന സർവീസുകളുടെ കുറവും ഉയർന്ന ടിക്കറ്റ് നിരക്കും കാരണം നിലവിൽ ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ഈ പുതിയ തീരുമാനം കൂടുതൽ തലവേദന സൃഷ്ടിക്കും.
അമേരിക്കൻ എയർലൈൻസ് മാത്രമല്ല, ലോകമെമ്പാടുമുള്ള പല പ്രമുഖ വിമാനക്കമ്പനികളും വരും മാസങ്ങളിലെ സർവീസുകൾ ഇതിനകം തന്നെ വെട്ടിക്കുറയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ചെലവ് ചുരുക്കുന്നതിൻ്റെ ഭാഗമായി ചില കമ്പനികൾ നിരക്കുകൾ വർദ്ധിപ്പിക്കുകയും യാത്രക്കാർക്ക് നൽകിവന്നിരുന്ന അധിക ആനുകൂല്യങ്ങൾ നിർത്തലാക്കുകയും ചെയ്തു. ഒരു വിമാനക്കമ്പനിയുടെ ആകെ ചെലവിൻ്റെ 30 ശതമാനത്തോളം വരുന്നത് ഇന്ധനച്ചെലവായതിനാലാണ് കമ്പനികൾ കടുത്ത നടപടികളിലേക്ക് കടക്കുന്നത്.



