തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പരിശീലകന് 16 വർഷം കഠിനതടവും 24,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വള്ളക്കടവ് ശ്രീവരാഹം സ്വദേശിയായ മനു എം. (40) നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടര വർഷം അധിക തടവ് അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷകളിൽ അഞ്ച് വർഷം ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. ഇരയായ കുട്ടിക്ക് പ്രതി നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്.

തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിംഗ് സെന്ററിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പരിശീലനത്തിനെത്തിയ കുട്ടിയെയാണ് പ്രതി പീഡനത്തിനിരയാക്കിയത്. പരിശീലനത്തിന്റെ ഭാഗമെന്ന വ്യാജേന ജിമ്മിലേക്ക് കൂട്ടിക്കൊണ്ടുപോയായിരുന്നു പീഡനം. കൂടാതെ കുട്ടിയുടെ നഗ്നചിത്രങ്ങൾ എടുത്തു നൽകാൻ പലതവണ നിർബന്ധിച്ചെങ്കിലും കുട്ടി വഴങ്ങിയില്ല. ഇതിന്റെ വൈരാഗ്യത്തിൽ പിന്നീട് പ്രതി കുട്ടിക്ക് കൃത്യമായ പരിശീലനം നൽകാതായി. ഇതോടെ 2021-ൽ കുട്ടി ഇവിടെനിന്നും മാറി മറ്റൊരു കേന്ദ്രത്തിൽ ചേർന്നു. പീഡനവിവരം പുറത്തുപറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതിനാൽ ഭയം കാരണം കുട്ടി സംഭവം ആരോടും പറഞ്ഞിരുന്നില്ല.

ഈ പെൺകുട്ടിക്ക് പുറമെ പരിശീലനത്തിനെത്തിയ മറ്റ് അഞ്ച് കുട്ടികളെയും പ്രതി സമാനമായ രീതിയിൽ പീഡിപ്പിച്ചിരുന്നു. പീഡനത്തിൽ മനംനൊന്ത് ഇവരും പിന്നീട് മറ്റ് സ്ഥലങ്ങളിലേക്ക് കോച്ചിംഗിനായി പോവുകയായിരുന്നു. പ്രതിയെ ഭയന്ന് ഇവരും സംഭവം പുറത്തുപറഞ്ഞിരുന്നില്ല.

വർഷങ്ങൾക്ക് ശേഷം 2024-ൽ തിരുവനന്തപുരത്ത് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ ഇരകളിലൊരാൾ പ്രതിയെ കണ്ട് ഭയന്ന് ബഹളം വെച്ചതോടെയാണ് ക്രൂരത പുറത്തറിയുന്നത്. ഈ കുട്ടിയുടെ പരാതി പുറത്തുവന്നതോടെയാണ് മറ്റ് കുട്ടികൾക്കും പരാതി നൽകാൻ ധൈര്യം ലഭിച്ചത്. തുടർന്ന് പ്രതിക്കെതിരെ ആകെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നാല് കേസുകളുടെ വിചാരണ പൂർത്തിയായിട്ടുണ്ട്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. സുരഭി പി., അഡ്വ. രവിശങ്കർ തമ്പി എച്ച്.എ. എന്നിവർ ഹാജരായി. കന്റോൺമെന്റ് പോലീസ് എസ്.ഐമാരായ ഷെഫിൻ എസ്., നിതിൻ നളൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. വിചാരണ വേളയിൽ പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ ഹാജരാക്കുകയും ചെയ്തു.