ഇറാന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉടനെടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാറുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കാന്‍ വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കരാര്‍ സാധ്യമാകാനായി വീണ്ടും നിബന്ധനകള്‍ മുന്നോട്ടുവച്ചിക്കുകയാണ് ട്രംപ്. ഇറാന്‍ ഒരിക്കലും ആണവായുധം കൈവശം വയ്ക്കില്ലെന്ന് സമ്മതിക്കണം, ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറക്കണം, ഹോര്‍മുസില്‍ ഒരു കാരണവശാലും ടോള്‍ അനുവദിക്കില്ല, എല്ലാ കടല്‍ മൈനുകളും നീക്കം ചെയ്യണം, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം രാജ്യാന്തര ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ നശിപ്പിക്കണം തുടങ്ങിയവയാണ് ട്രംപ് മുന്നോട്ടുവച്ചിരിക്കുന്ന നിബന്ധനകള്‍.

വെടിനിര്‍ത്തല്‍ 60 ദിവസത്തേക്ക് കൂടി നീട്ടാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായെന്നായിരുന്നു ഇന്നലെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ കണക്കനുസരിച്ച്, ഇറാന്റെ കൈവശം നിലവില്‍ 440.9 കിലോഗ്രാം (972 പൗണ്ട്) യുറേനിയമാണുള്ളത്. 60 ശതമാനമാണ് ഇത് സമ്പുഷ്ടീകരിച്ചിരിക്കുന്നത്. ഇത് 90 ശതമാനം സമ്പുഷ്ടീകരിച്ച് ആയുധമാക്കാനുള്ള ആദ്യപടിയായാണ് അമേരിക്ക കാണുന്നത്. അതിനാലാണ് സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം രാജ്യാന്തര ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ നശിപ്പിക്കണമെന്ന നിലപാടില്‍ ട്രംപ് ഉറച്ചുനില്‍ക്കുന്നത്.

അതിനിടെ യുഎസ് – ഇറാന്‍ സമാധാന കരാര്‍ ഇതുവരെ അന്തിമമായിട്ടില്ലെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ആശയക്കുഴപ്പം തുടരുന്നുവെന്ന് ഇറാന്റെ തസ്‌നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു . വെടിനിര്‍ത്തല്‍ 60 ദിവസത്തേക്ക് നീട്ടുന്നതാണ് സമാധാന കരാര്‍. എന്നാല്‍ കരാര്‍ നടപ്പാക്കുക ട്രംപിന്റെ അന്തിമ അംഗീകാരത്തിന് ശേഷം മാത്രമാണെന്നും അതിനായി കാത്തിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.