ഒമാന് ഐക്യദാര്‍ഢ്യവുമായി ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ് അരാഗ്ചിയും ഒമാനി വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഹോര്‍മുസ് കടലിടുക്കിലെ നിലവിലെ സ്ഥിതിഗതികള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. പരമാധികാരം, രാജ്യാന്തര നിയമം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. ഏത് ഭീഷണി നേരിട്ടാലും ഇറാന്‍ എന്നും ഒമാനോടൊപ്പെമ്ന്ന അബ്ബാസ് അരഗ്ചി പറഞ്ഞു. ഒമാന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതായും അരാഗ്ചി എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.

ഒമാന്‍ മറ്റ് രാജ്യങ്ങളെപ്പോലെ പെരുമാറിയില്ലെങ്കില്‍ ഒമാനെ തീര്‍ത്തുകളയുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇറാന്‍ ഒമാന് ഐക്യദാര്‍ഢ്യം അറിയിച്ചിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാനും ഒമാനും ചേര്‍ന്ന് നിയന്ത്രിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ടായിരുന്നു ഇന്നലെ ട്രംപിന്റെ ഭീഷണി. കടലിടുക്കിന്റെ നിയന്ത്രണം ആര്‍ക്കും വിട്ടുനല്‍കില്ലെന്നും ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന് പകരമായി അമേരിക്ക നാവിക ഉപരോധം നീക്കുമെന്നും ഹോര്‍മുസിന്റെ നിയന്ത്രണം ഇറാനും ഒമാനുമായിരിക്കുമെന്നാണ് ഇന്നലെ ഇറാന്‍ മാധ്യമങ്ങള്‍ ധാരണാപത്രത്തിലെ വ്യവസ്ഥകളെന്ന മട്ടില്‍ പുറത്തുവിട്ടത്. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. 50 വര്‍ഷമായി അമേരിക്കയുമായി നല്ല ബന്ധമാണ് ഒമാന്‍ തുടര്‍ന്നുവന്നിരുന്നത്. ഇറാന്‍-അമേരിക്ക സംഘര്‍ഷത്തില്‍ സമാധാന കരാര്‍ സാധ്യമാക്കാന്‍ നിരവധി നയതന്ത്ര നീക്കങ്ങളും ഒമാന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.