ഇറാനുമായുള്ള ഏതൊരു അന്തിമ കരാറും ആ രാജ്യം ഉയർത്തുന്ന ആണവഭീഷണി പൂർണ്ണമായും ഇല്ലാതാക്കുന്നതാകണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ശനിയാഴ്ച രാത്രി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇക്കാര്യത്തിൽ ഇരുനേതാക്കളും ധാരണയിലെത്തിയത്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ ശാലകൾ പൂർണ്ണമായും പൊളിച്ചുനീക്കണമെന്നും സമ്പുഷ്ടീകരിച്ച ആണവവസ്തുക്കൾ ഇറാനിൽനിന്ന് മാറ്റണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.
ഇറാൻ ഒരു കാരണവശാലും ആണവായുധം കൈക്കലാക്കില്ലെന്നതാണ് തന്റെയും ട്രംപിന്റെയും നയമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. ലബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിൽനിന്നുമുള്ള ഭീഷണികളെ പ്രതിരോധിക്കാൻ ഇസ്രയേലിനുള്ള അവകാശത്തെ ട്രംപ് പിന്തുണച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം യുദ്ധക്കളത്തിൽ തെളിയിക്കപ്പെട്ടതാണെന്നും അത് എപ്പോഴത്തേക്കാളും ശക്തമാണെന്നും നെതന്യാഹു പറഞ്ഞു.
ഇറാനുമായുള്ള അന്തിമ ആണവകരാറിനായുള്ള ചർച്ചകൾ വരാനിരിക്കെയാണ് ഈ നിർണ്ണായക നീക്കം. ചർച്ചകൾ വളരെ നന്നായി നടന്നുവെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. ഇറാനിൽനിന്നുള്ള ആണവഭീഷണി പൂർണ്ണമായും നീക്കം ചെയ്യാതെ യാതൊരു ഒത്തുതീർപ്പിനുമില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രയേൽ.



