അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ച ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന ആക്ഷേപഹാസ്യ ഡിജിറ്റൽ കൂട്ടായ്മക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. കൂട്ടായ്മയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ സംബന്ധിച്ചും വ്യാജ അഭിഭാഷകരെ കുറിച്ചുമുള്ള ആരോപണങ്ങൾ സംബന്ധിച്ചും അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.
ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ എൻ.കെ ഗോസ്വാമിയോട് ഈ വിഷയത്തെ അത്രമാത്രം വൈകാരികമായി എടുക്കരുതെന്ന് ബെഞ്ച് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് വിശദീകരണം നൽകിയിട്ടും വികലവും വിദ്വേഷം നിറഞ്ഞതുമായ പ്രചാരണം തുടരുകയാണെന്ന് ഗോസ്വാമി കോടതിയെ ബോധിപ്പിച്ചു. എന്നാൽ, ഈ വിഷയത്തെ അത്ര വൈകാരികമായി എടുക്കേണ്ടതില്ല എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.



