ഇറാന്‍-അമേരിക്ക സമാധാന ചര്‍ച്ചകളില്‍ ചെറിയ പുരോഗതിയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തുന്ന ടോളിനെ ഒരു രാജ്യവും അംഗീകരിക്കരുതെന്നും ടോള്‍ ഈടാക്കിയാല്‍ കരാര്‍ നടപ്പാക്കാനാവില്ലെന്നും മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കി. അതേസമയം ഹോര്‍മുസില്‍ ഇളവുകളുമായി ഇറാന്‍ രംഗത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35 കപ്പലുകളാണ് ഐആര്‍ജിസി അനുമതിയോടെ ഹോര്‍മുസ് കടന്നത്.

ഇറാന്‍ നേതൃത്വുമായി പാക്ക് സൈനിക മേധാവി അസിം മുനീറും ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വിയും നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതനിടെയാണ് സമാധാന ചര്‍ച്ചകളില്‍ ചെറിയ പുരോഗതിയുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചത്. സ്വീഡനില്‍ നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു റൂബിയോ. ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ലെന്നറിയിച്ച റൂബിയോ, ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തുന്ന ടോളുകള്‍ ഒരു രാജ്യവും അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ടു. ടോള്‍ പിരിക്കാന്‍ ഒമാനെ ഇറാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും റൂബിയോ ആരോപിച്ചു. അതിനിടെ ഹോര്‍മുസില്‍ ഇളവുകളുമായി ഇറാന്‍ രംഗത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35 കപ്പലുകളാണ് ഹോര്‍മുസ് കടന്നത്.

എണ്ണ ടാങ്കറുകളും കണ്ടെയ്‌നറുകളും അടക്കമുള്ള കപ്പലുകളാണ് ഐആര്‍ജിസി നാവികസേനയുടെ അനുമതിയോടെ കടന്നുപോയതെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിനു പിന്നാലെ, യുറേനിയം ശേഖരം വിട്ടുകൊടുക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി പ്രതികരിച്ചിരുന്നു. നാറ്റോ യോഗത്തിന് ശേഷം ഇന്ത്യാ സന്ദര്‍ശനത്തിനായി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നാളെ ഡല്‍ഹിയിലെത്തും. 26ന് നടക്കുന്ന ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും റൂബിയോ പങ്കെടുക്കും.