ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ ദൃശ്യങ്ങളും ശബ്ദങ്ങളും (ഡീപ്ഫേക്കുകൾ) മനുഷ്യന്റെ സ്വാഭാവിക ജീവിതാനുഭവങ്ങൾക്കും സാമൂഹിക വ്യവസ്ഥിതിക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നതായി വത്തിക്കാൻ മുന്നറിയിപ്പ് നൽകി. ‘ആന്റിക്വ എത് നോവ’ (Antiqua et Nova) എന്ന പേരിൽ വത്തിക്കാൻ പുറത്തിറക്കിയ പുതിയ പഠനരേഖയിലാണ് ഡിജിറ്റൽ യുഗത്തിലെ ഈ വലിയ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കുന്നത്.
വിശ്വാസ തിരുസംഘം, കൾച്ചർ ആൻഡ് എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവ സംയുക്തമായാണ് എഐ സാങ്കേതികവിദ്യയുടെ ആഘാതങ്ങളെക്കുറിച്ചുള്ള ഈ സമഗ്ര പഠനം തയ്യാറാക്കിയത്. നിർമ്മിത ബുദ്ധി മനുഷ്യന് പുതിയ അവസരങ്ങൾ തുറന്നുനൽകുന്നുണ്ടെങ്കിലും, അതിന്റെ ദുരുപയോഗം വരുംതലമുറയെയും സാമൂഹിക ബന്ധങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് വത്തിക്കാൻ ചൂണ്ടിക്കാണിക്കുന്നു.
യഥാർഥമേത്, വ്യാജമേത് എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം നിർമിക്കപ്പെടുന്ന ‘ഡീപ്ഫേക്കുകൾ’ ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കാനും വ്യക്തിഹത്യ നടത്താനും സമൂഹത്തിൽ വലിയ തോതിൽ തെറ്റിദ്ധാരണകൾ പടർത്താനും കാരണമാകുന്നു. വിദ്യാഭ്യാസ രംഗത്തും വ്യക്തിബന്ധങ്ങളിലും എഐയുടെ അമിത സ്വാധീനം മനുഷ്യന്റെ സ്വതന്ത്രവും വിമർശനാത്മകവുമായ ചിന്താശേഷിയെ ഇല്ലാതാക്കുമെന്ന് വത്തിക്കാൻ ആശങ്കപ്പെടുന്നു.
ലോകത്തെ സ്വാധീനിക്കുന്ന പ്രധാന എഐ സാങ്കേതികവിദ്യകളെല്ലാം ചുരുക്കം ചില വൻകിട ആഗോള കമ്പനികളുടെ കൈകളിൽ മാത്രം ഒതുങ്ങുന്നത് വലിയ തോതിലുള്ള അസമത്വങ്ങൾക്കും മനുഷ്യന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾക്കും വഴിവെക്കും.
വിനാശകരമായ ആയുധ നിർമ്മാണ മേഖലകളിൽ ഉൾപ്പെടെ എഐ ഉപയോഗിക്കുന്നത് ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും, ഒരു യന്ത്രത്തിനും മനുഷ്യജീവൻ അവസാനിപ്പിക്കാനുള്ള തീരുമാനമെടുക്കാൻ അവകാശമില്ലെന്നും വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ അടിവരയിടുന്നു.



