ട്രംപിന്റെ താരിഫും ഇറാൻ യുദ്ധവും ഹോർമുസിലെ തടസവും രാജ്യാന്തര തലത്തിൽ വ്യാപാര മേഖലയിൽ തിരിച്ചടിയാകുമ്പോൾ അപ്രതീക്ഷിത നേട്ടമുണ്ടാക്കി ചൈന. ഏപ്രിലിലെ കയറ്റുമതി മുൻ വർഷത്തേക്കാൾ 14.1 ശതമാനം വർധിച്ചെന്ന് ചൈന. യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ നിർണായക ചൈനീസ് സന്ദർശനത്തിന് തൊട്ടുമുൻപാണ് കയറ്റുമതി കണക്കുകൾ  പുറത്തുവിട്ടതെന്നും ശ്രദ്ധേയം. 

ഇറാൻ യുദ്ധത്തെ തുടർന്ന് എഐ, അനുബന്ധ മേഖലകളിലെ ഘടകങ്ങൾക്ക് ഇനിയും വില വർധിക്കുമെന്ന ആശങ്കയിൽ ഉൽപാദകർ വാങ്ങൽ വർധിപ്പിച്ചതാണ് കാരണമെന്നാണ് വിലയിരുത്തൽ. ഡിമാൻഡ് വർധിച്ചതോടെ സെമികണ്ടക്ടറുകൾ, മെമ്മറി ചിപ്പുകൾ പോലുള്ള ഉൽപന്നങ്ങൾക്ക് വില കൂടിയിരുന്നു. ഇറാൻ യുദ്ധ സാഹചര്യത്തിൽ ഇവയുടെ വില വീണ്ടും വർധിക്കുമെന്ന ആശങ്ക വിപണിയിലുണ്ട്.

മാർച്ചിൽ ചൈനയുടെ കയറ്റുമതി ആറു മാസത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. അന്ന് കയറ്റുമതിയിലുണ്ടായ വർധന 2.5 ശതമാനം മാത്രം. 8.6 ശതമാനം വളരുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്. എന്നാൽ ഏപ്രിലിൽ കഥ മാറി. പുതിയ ഓർഡറുകൾ രണ്ടു വർഷത്തെ ഉയർന്ന നിലയിലെത്തി. ഇതോടെ ചൈനയുടെ കയറ്റുമതിയിലെ ലാഭം (സർപ്ലസ്) 5450 കോടി ഡോളറിൽ നിന്ന് 8480 കോടി ഡോളറായി വർധിക്കുകയും ചെയ്തു. ഏപ്രിലില്‍ 25.3 ശതമാനം വളർച്ചയാണ് ഇറക്കുമതിയിൽ രേഖപ്പെടുത്തിയത്. മാർച്ചിൽ ഇത് 27.8 ശതമാനമായിരുന്നു. 

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി രാഷ്ട്രമായ ചൈനയ്ക്ക് ഈ മേഖലയിലുണ്ടാകുന്ന ചെറിയ ഏറ്റക്കുറച്ചിലുകൾ പോലും സാമ്പത്തിക മേഖലയിൽ നിർണായകമാണ്. ഹോർമുസിലെ വ്യാപാര തടസങ്ങൾക്കിടയിലും യൂറോപ്, ഏഷ്യ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ മേഖലകളിലേക്കുള്ള കയറ്റുമതിയിലും വലിയ നേട്ടമുണ്ടാക്കാൻ ചൈനയ്ക്കായതും ശ്രദ്ധേയം.