ഹൈദരാബാദ്: ഹൈദരാബാദില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായി ജോലി ചെയ്തിരുന്ന യുവാവ് തടാകത്തില്‍ ചാടി ജീവനൊടുക്കി. 36കാരനായ സീതാറാമാണ് ഹുസൈന് സാഗര്‍ തടാകത്തില്‍ ചാടി മരിച്ചത്. ഭാര്യ രേണുകക്ക് മൂന്ന് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ്
എഴുതിയ കുറിപ്പ് കുടുംബം പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞ ഒന്നരവര്‍ഷമായി ഭാര്യക്ക് രഹസ്യബന്ധമുണ്ടെന്നാണ് ഇയാളുടെ ആരോപണം. ഇതിലൊരാള്‍ രേണുകയ്ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി ‘രമണ’ എന്ന് പേരുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പ്രചരിപ്പിച്ചെന്നും സീതാറാം കുറിപ്പിൽ പറയുന്നുണ്ട്.
ഈ വീഡിയോകള്‍ നേരിട്ട് കാണാന്‍ ഇടയായതോടെയാണ് ഭാര്യയുടെ മറ്റ് ബന്ധങ്ങളെ കുറിച്ച് അറിയാൻ ഇടയായതെന്നും കുറിപ്പിലുണ്ട്. ഇത് മാനസികമായി തളര്‍ത്തി. ഇതിനിടെയാണ് ഭാര്യയുമായി അടുപ്പം പുലര്‍ത്തിയിരുന്ന മറ്റൊരാള്‍ വീട്ടില്‍ വരാറുണ്ടെന്ന് മനസിലാക്കിയത്. ഇത്രയേറെ കരുതല്‍ നല്‍കിയിട്ടും ഭാര്യയുടെ വഞ്ചന സഹിക്കാന്‍ കഴിയാത്തതാണ് ആത്മഹത്യക്ക് പിന്നിലെന്നും കുറിപ്പിൽ പറയുന്നു.
അതേസമയം സീതാറാമിന്റേതെന്ന് പറയുന്ന 19 പേജുകളുള്ള ആത്മഹത്യക്കുറിപ്പിനെ കുറിച്ചും അതില്‍ വിശദീകരിക്കുന്ന കാര്യങ്ങളിലും അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)



