ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെ നേതാവ് വിജയ് സമർപ്പിച്ച നാമനിർദേശപത്രികയിലെ സ്വത്തുവിവരങ്ങളിൽ പൊരുത്തക്കേട്. വിജയ് മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും രണ്ട് കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പെരുമ്പൂരിൽ 115 കോടി രൂപയുടെ സ്വത്തും, തിരുച്ചിറപ്പള്ളി ഈസ്റ്റിൽ 220 കോടിയുമാണ് സ്വത്തുവിവരങ്ങൾ കണക്കാക്കുന്നത്. പെരമ്പൂർ സ്വദേശി വിഘ്നേഷാണ് വിജയ്ക്കെതിരെ പരാതി നൽകിയത്.

പെരമ്പൂർ മണ്ഡലത്തിൽ സമർപ്പിച്ച നാമനിർദേശ പത്രികയിൽ തന്റെ പേരിൽ കേസുകളൊന്നുമില്ലെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. എന്നാൽ തിരുച്ചിറപ്പള്ളി മണ്ഡലത്തിൽ നൽകിയ സത്യവാങ്മൂലത്തിൽ രണ്ട് കേസുകൾ നിലനിൽക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2025-ൽ പെരവല്ലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസും പെരമ്പൂർ നാമനിർദേശപത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

നിയമസഭ തിരഞ്ഞെടുപ്പിൽ പെരമ്പൂർ, തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലങ്ങളിലാണ് വിജയ് ജനവിധി തേടാനിറങ്ങുന്നത്. മാർച്ച് 30-നാണ് വിജയ് പെരമ്പൂരിൽ നാമനിർദേശപത്രിക സമർപ്പിച്ചത്.

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 23-ന് ഘട്ടംഘട്ടമായാണ് നടക്കുന്നത്. വോട്ടെണ്ണൽ മേയ് 4-നാണ് നടക്കുക.