ചെന്നൈ: വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിനെ തമിഴ്നാടിന്റെയും ദക്ഷിണേന്ത്യയുടെയും വിജയമായി വിശേഷിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ബിജെപിയുടെ തോൽവി ഇവിടെ തുടങ്ങുകയാണെന്നും ഒരുമിച്ച് നിന്നാൽ വിജയമെന്ന് താൻ എന്നോ പറഞ്ഞിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.
ബിജെപിയുടെ പതനത്തിന്റെ തുടക്കമാണ് ഈ വിജയം. കറുത്ത നിയമത്തെ പാർലമെന്റിൽ തോൽപിച്ച എല്ലാവർക്കും നന്ദി. ഇന്ത്യാസഖ്യവും തമിഴ് നാട്ടിലെ ജനങ്ങളുമാണ് ബില്ലിനെ പരാജയപ്പെടുത്തിയതെന്നും എം.കെ. സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട് പൊരുതി, തമിഴ്നാട് ജയിച്ചു എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
മണ്ഡല പുനർനിർണയം എന്നത് പ്രാതിനിധ്യത്തെക്കുറിച്ചാണ്, ഇന്ത്യയുടെ ജനാധിപത്യത്തിൽ ആർക്കാണ് ശബ്ദമുണ്ടാകേണ്ടത് എന്നതിനെക്കുറിച്ചാണ്. അത് യൂണിയനെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്, മറിച്ച് അതിന്റെ തുലനാവസ്ഥ തകർക്കുകയല്ല.
പെരിയാർ നയിച്ച, അണ്ണാദുരൈ പ്രചോദനമായ, കലൈഞ്ജർ കരുത്തുപകർന്ന തമിഴ്നാട് എന്നും നീതിക്കും അന്തസ്സിനും ഫെഡറലിസത്തിനും വേണ്ടിയാണ് നിലകൊള്ളുന്നത്. തെക്ക് ഒന്നിച്ച് നിന്ന് ശബ്ദമുയർത്തി. ജനാധിപത്യം വിജയിച്ചുവെന്നും സ്റ്റാലിൻ പറഞ്ഞു.
മണ്ഡല പുനർനിർണയ പ്രക്രിയയെ ഡിഎംകെ എതിർക്കുന്നില്ലെന്നും എന്നാൽ സംസ്ഥാനത്തിന്റെ കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന നീതിയുക്തമായ ചർച്ചകളിലൂടെ മാത്രമേ അത് നടപ്പിലാക്കാവൂ എന്നുമാണ് സ്റ്റാലിന്റെ നിലപാട്.



