ചെന്നൈ: തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്റ്റാലിനും രാഹുലും വേദി പങ്കിടില്ല. സ്റ്റാലിന്റെ പര്യടനം നേരത്തെ തീരുമാനിച്ചതാണെന്നും ആർ എസ് ഭാരതി പറഞ്ഞു. ഇനി മാറ്റം വരുത്തിയാൽ നാല്പതോളം മണ്ഡലങ്ങളെ ബാധിക്കും. രാഹുൽ വരുന്നത് ഡി എം കെ സ്ഥാനാർഥികൾക്ക് വേണ്ടി വോട്ട് ചോദിക്കാൻ ആണെന്നും ഭാരതി പറഞ്ഞു. നാളെ ആണ് രാഹുലിന്റെ തമിഴ്നാട് പര്യടനം തുടങ്ങുന്നത്. അതേസമയം പുതുച്ചേരിയിലും ഇരുവരും ഒന്നിച്ചു പ്രചാരണം നടത്തിയിരുന്നില്ല. സ്റ്റാലിനും വോട്ട് ചോദിക്കുന്നത് രാഹുലിന്റെ സ്ഥാനാർഥികൾക്ക് വേണ്ടിയാണ്. സ്റ്റാലിന് അവസാന ദിവസങ്ങളിൽ സ്വന്തം മണ്ഡലത്തിൽ പ്രചാരണം നടത്തണമെന്നും ഭാരതി.

അതേസമയം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ദ്രാവിഡ പാർട്ടികൾ തമ്മിലുള്ള പതിവ് മത്സരമല്ല, മറിച്ച് തമിഴ്നാടും ദില്ലിയും തമ്മിലുള്ള പോരാട്ടമെന്നാണ് സ്റ്റാലിൻ്റെ വാദം. അതായത് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെയോ, മാറ്റം എന്ന മുദ്രാവാക്യം കൊടുങ്കാറ്റായി രൂപാന്തരപ്പെടുമെന്ന് അവകാശപ്പെടുന്ന വിജയ്‍യെ പ്രധാന എതിരാളി ആയി പ്രതിഷ്ഠിക്കാൻ സ്റ്റാലിൻ തയ്യാറാകുന്നില്ല. മറിച്ച് ബിജെപിയും ആർഎസ്എസും തമിഴ്നാടിൻ്റെ സ്വത്വത്തെ നശിപ്പിക്കാനൊരുങ്ങുന്നൂ എന്നും തടയാൻ സ്റ്റാലിന് മാത്രമേ കഴിയൂ എന്നുമാണ് വാദം.

ഇത്തരം വാദം ഉയർത്താൻ ബിജെപിയും എഐഡിഎംകെയും സ്റ്റാലിനെ സഹായിക്കുന്നുണ്ട് എന്നതാണ് വസ്തുത. തമിഴ്നാടിനുള്ള കേന്ദ്രവിഹിതം തടഞ്ഞുവച്ചതും മണ്ഡലപുനർനിർണയം പോലെ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകാവുന്ന നീക്കങ്ങളുമെല്ലാം കൃത്യമായി ഉപയോഗിക്കാൻ സ്റ്റാലിന് കഴിഞ്ഞു. കർഷകരോഷത്തിലേക്കും ക്രമസമാധാന പ്രശ്നങ്ങളിലേക്കും കേന്ദ്രീകൃത അഴിമതിയിലേക്കും വോട്ടർമാരുടെ ശ്രദ്ധ തിരിച്ചുകൊണ്ടുവരാൻ ഇപിഎസ്സും വിജയും പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇരുവരും അതിൽ എത്ര വിജയിക്കുമോയെന്ന് പറയാൻ മെയ് 4 വരെ തന്നെ കാത്തിരിക്കേണ്ടിവരും.