ഇസ്ലാമാബാദ് ഏപ്രിൽ 11, 12 തീയതികളിൽ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന അമേരിക്ക-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയുടെ നിഴലിലായി. രണ്ടാഴ്ചത്തെ വെടിനിർത്തലിനിടെ ഇരുരാജ്യങ്ങൾക്കും സ്വീകാര്യമായ വ്യവസ്ഥകൾ രൂപപ്പെടുത്തി സമാധാനം കണ്ടെത്താനായിരുന്നു നിർണായക കൂടിക്കാഴ്ച. 47 വർഷത്തെ ചരിത്രത്തിനിടയിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള നേരിട്ടുള്ള ചർച്ചയാണിത്. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജെ.ഡി. വാൻസുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ, ചർച്ചകൾ ഫലം കണ്ടില്ലെന്ന് പ്രഖ്യാപിച്ച യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ്, ഹോർമുസ് കടലിടുക്ക് അമേരിക്കൻ നാവികസേന ഉപരോധിക്കുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പും പുറത്തുവിട്ടു.
∙ ചർച്ചകളെ തകർത്ത ‘ഫോൺ കോൾ’
വളരെ പോസിറ്റീവായ രീതിയിലാണ് ഇസ്ലാമാബാദിൽ ചർച്ചകൾ ആരംഭിച്ചത്. ഏകദേശം 21 മണിക്കൂർ നീണ്ടുനിന്ന ഈ സംഭാഷണങ്ങൾ ഒരു ‘ഇസ്ലാമാബാദ് മെമ്മോറാണ്ടത്തിലേക്ക്’ നീങ്ങുമെന്ന സൂചനകൾ നൽകിയിരുന്നു. എന്നാൽ, ചർച്ചയ്ക്കിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎസ് വൈസ് പ്രസിഡന്റ് വാൻസിനെ ഫോണിൽ വിളിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
ഈ ഫോൺ കോളിന് ശേഷം അമേരിക്കയുടെ നിലപാടുകൾ ഇറാനോട് കൂടുതൽ കർക്കശമായെന്നും ഇത് ചർച്ചകളെ പരാജയത്തിലേക്ക് നയിച്ചുവെന്നും ടെഹ്റാൻ ആരോപിക്കുന്നു. ചർച്ചാ മേശയിൽ ഇല്ലാതിരുന്നിട്ടും, അമേരിക്കൻ നയതന്ത്രത്തെ സ്വാധീനിക്കാനുള്ള ഇസ്രയേലിന്റെ ശേഷി ഒരിക്കൽ കൂടി തെളിഞ്ഞതായിട്ടാണ് ആരോപണം.
∙ യുഎസ് വിദേശനയത്തിലെ ഇസ്രയേൽ സ്വാധീനം
അമേരിക്കൻ വിദേശനയത്തിൽ ഇസ്രയേൽ ചെലുത്തുന്ന സ്വാധീനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1985 മുതൽ ഡോണൾഡ് ട്രംപിന് മുൻപ് ഭരണത്തിലിരുന്ന അഞ്ച് പ്രസിഡന്റുമാരും ഇസ്രയേലിനുള്ള സാമ്പത്തിക-സൈനിക സഹായത്തിൽ വലിയ സ്ഥിരത പുലർത്തിയിരുന്നു. പ്രതിവർഷം 2.8 ബില്യൻ മുതൽ 3.5 ബില്യൻ ഡോളർ വരെയാണ് ഇസ്രയേലിന് ലഭിച്ചുകൊണ്ടിരുന്ന സഹായം.
പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത്, ഇസ്രയേലിന്റെ ‘ഗുണപരമായ സൈനിക മുൻതൂക്കം’ (Qualitative Military Edge) നിലനിർത്തുക എന്നത് അമേരിക്കയുടെ ഔദ്യോഗിക നയമായി മാറി. മേഖലയിലെ മറ്റ് അറബ് രാജ്യങ്ങൾ അമേരിക്കയുമായി പ്രതിരോധ കരാറുകളിൽ ഏർപ്പെട്ടാലും, അത് ഇസ്രയേലിന്റെ സൈനിക കരുത്തിന് ഭീഷണിയാവില്ലെന്ന് ഇതിലൂടെ വാഷിങ്ടൻ ഉറപ്പാക്കി. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ. മേഖലയിലെ ഇസ്രയേലിന് മാത്രമാണ് ഈ വിമാനങ്ങൾ സ്വന്തമാക്കാൻ അനുമതിയുള്ളത്.
∙ ട്രംപിന്റെ ഒന്നാം ടേം
2017ൽ ട്രംപ് അധികാരമേറ്റതോടെ പശ്ചിമേഷ്യൻ നയതന്ത്രത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. മിറിയം അഡൽസൺ, ഷെൽഡൺ അഡൽസൺ തുടങ്ങിയ ഇസ്രയേൽ അനുകൂലികളായ വൻകിട ദാതാക്കളുടെ പിന്തുണ ട്രംപിന് ഉണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം, യുഎസ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചു. യുഎസ് എംബസി ടെൽ അവീവിൽ നിന്ന് ജറുസലേമിലേക്ക് മാറ്റി. ഗോലാൻ കുന്നിന് മേലുള്ള ഇസ്രയേൽ അവകാശം അംഗീകരിച്ചു. ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറി. ഇസ്രയേലിന്റെ ‘ഏറ്റവും അടുത്ത സുഹൃത്തായി’ ട്രംപ് മാറിയെങ്കിലും, അദ്ദേഹത്തിന്റെ സമീപനം എപ്പോഴും‘കരാറുകൾ’ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.



