ഹൂസ്റ്റൺ: സമുദായത്തിന്റെ തനിമ നിലനിർത്തുന്നതിൽ രൂപതാ നേതൃത്വം പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഹൂസ്റ്റണിലെ ക്നാനായ സമൂഹം പ്രതിഷേധ പ്രമേയം പാസാക്കി. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് സ്ഥാനം ഒഴിയണമെന്നാണ് ഹൂസ്റ്റണിലെ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ഒത്തുകൂടിയ സമുദായംഗങ്ങൾ ഏകകണ്ഠമായി ആവശ്യപ്പെട്ടത്.

നിലവിലെ കോടതി വിധി രൂപതാ മെത്രാന്റെ അനാസ്ഥ മൂലം ചോദിച്ചു വാങ്ങിയതാണെന്ന് യോഗം കുറ്റപ്പെടുത്തി. നിലവിലുള്ള അഫിഡവിറ്റിൽ മാറ്റം വരുത്താതെ ഇനിയും വൻതുക മുടക്കി അപ്പീലിന് പോകുന്നതിൽ യാതൊരു പ്രസക്തിയുമില്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സമുദായത്തിന്റെ അടിസ്ഥാന വിശ്വാസങ്ങൾ സംരക്ഷിക്കാൻ കഴിയാത്ത നേതൃത്വം അപ്പീൽ നടപടികളുമായി മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാവില്ലെന്നും യോഗം വിലയിരുത്തി.


കോട്ടയം രൂപതാ നേതൃത്വത്തിന്റെ നടപടികളെ ശക്തമായി അപലപിച്ച യോഗം, മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത തൽസ്ഥാനത്തുനിന്നും മാറിനിൽക്കുന്നതാണ് ഈ സാഹചര്യത്തിൽ ഉചിതമെന്ന് പ്രമേയത്തിലൂടെ വ്യക്തമാക്കി. ക്നാനായ സമുദായത്തിന്റെ മുഖമുദ്രയായ ‘ജന്മവും കർമ്മവും’ അംഗീകരിക്കാത്ത ആത്മീയ നേതൃത്വത്തെ ഇനിമുതൽ അംഗീകരിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. ജോജോ തറയിൽ, ഫിൽസ് മാത്യു മാപ്പിളശ്ശേരി, ജിമ്മി കുന്നശ്ശേരി, ഷിജു കണ്ണച്ചാൻപറമ്പിൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Resolution passed in town hall meeting