തൃശൂര്‍ കൊടുങ്ങല്ലൂരിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ അന്തേവാസി ശ്രീനാഥിന്റെ മരണം കൊലപാതകം. സംഭവത്തില്‍ അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളിലെ കെയര്‍ടേക്കര്‍ മഹേഷ് അറസ്റ്റിലായി. യുവാവിനെ കൈ കൊണ്ടും വടികൊണ്ടും ക്രൂരമായി മര്‍ദിച്ചത് മരണകാരണമായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ഇന്നലെ വെളുപ്പിന് 6.30നാണ് ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളില്‍ ശ്രീനാഥിന്റെ കിടപ്പുമുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം കണ്ടപ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് ഉള്‍പ്പെടെ ചില സംശയങ്ങള്‍ തോന്നിയിരുന്നു. തുടര്‍ന്ന് മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു. ശരീരത്തില്‍ ആകമാനം അടിയേറ്റ പാടുകളുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്. മര്‍ദനത്തില്‍ വാരിയെല്ലുകള്‍ ഉള്‍പ്പെടെ പൊട്ടിയ നിലയിലാണ്. ശരീരമാസകലം മര്‍ദനത്തിന്റെ പാടുകളുണ്ട്. ഇത്തരത്തിലുണ്ടായ രക്തസ്രാവവും മരണത്തിലേക്ക് നയിച്ചു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു. എന്താണ് പ്രതിയെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.



