ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: നാട്ടിലെ പോലെ യുഎസില്‍ ക്രിക്കറ്റ് കളിയും ഇല്ല കളിക്കാന്‍ ആളെയും കിട്ടില്ല എന്നു പറയുന്നവര്‍ ഇതൊന്നു വായിച്ചാല്‍ നന്ന്. ഇന്ത്യയില്‍ ആവേശം വിതറി മുന്നേറുന്ന ഐസിസി പുരുഷ ടി20 ലോകകപ്പില്‍ മത്സരിക്കുന്ന അമേരിക്കന്‍ ടീമിന് അപ്രതീക്ഷിതമായി പിന്തുണ നല്‍കിയിരിക്കുന്നത് ആരെന്നോ? ടീമിന് കരുത്തുറ്റ പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് രംഗത്തുവന്നിരിക്കുന്നത്. ലോകവേദിയില്‍ പോരാടുന്ന തങ്ങളുടെ ടീമിന് പിന്നില്‍ രാജ്യം മുഴുവനുണ്ടെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുകയാണ്.
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴിയാണ് ട്രംപ് ടീമിന് ആശംസകള്‍ നേര്‍ന്നത്. ‘ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞു. ടീം യുഎസ്എയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു! നമുക്ക് വളരെ ശക്തമായ ഒരു ടീമുണ്ട്. അമേരിക്ക മുഴുവന്‍ നിങ്ങളെ പിന്തുണയ്ക്കുന്നു.’ – ട്രംപ് കുറിച്ചു. പ്രസിഡന്റിന്റെ സന്ദേശത്തിന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ നന്ദി രേഖപ്പെടുത്തി. ടൂര്‍ണമെന്റിനെ ചുറ്റിയുള്ള നയതന്ത്രപരവും കായികവുമായ ആവേശം ട്രംപിന്റെ വാക്കുകളിലൂടെ പ്രതിഫലിക്കുന്നു.
മുംബൈയില്‍ പൊരുതിത്തോറ്റ് യുഎസ്എ
ട്രംപിന്റെ പിന്തുണയോടെ രംഗത്തിറങ്ങിയ ടീമാകട്ടെ പരാജയപ്പെട്ടെങ്കിലും ആരെയും നിരാശപ്പെടുത്തിയില്ല. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയോട് 29 റണ്‍സിനാണ് യുഎസ്എ പരാജയപ്പെട്ടത്. 86 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയുടെ മുന്‍നിരയെ കൂടാരം കയറ്റിയ യുഎസ് ടീം വാംഖഡെ സ്റ്റേഡിയത്തെ നിശബ്ദരാക്കിയിരുന്നു. പിന്നീട് സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ (49 പന്തില്‍ പുറത്താകാതെ 84 റണ്‍സ്) കരുത്തില്‍ ഇന്ത്യ 20 ഓവറില്‍ 9 വിക്കറ്റിന് 161 റണ്‍സെടുത്തു. അമേരിക്കയ്ക്കായി ഷാഡ്ലി വാന്‍ ഷാല്‍ക്വിക് 4 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.
മറുപടി ബാറ്റിംഗില്‍ മിലിന്ദ് കുമാര്‍, സഞ്ജയ് കൃഷ്ണമൂര്‍ത്തി എന്നിവര്‍ പൊരുതിയെങ്കിലും യുഎസിന് 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അടുത്തതായി ഫെബ്രുവരി 10-ന് ശ്രീലങ്കയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ യുഎസ്എ പാകിസ്ഥാനെ നേരിടും. 2024-ല്‍ പാകിസ്ഥാനെ അട്ടിമറിച്ച ചരിത്രമുള്ളതിനാല്‍ ഈ പോരാട്ടം ഏറെ ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
അമേരിക്കയില്‍ പടരുന്ന ക്രിക്കറ്റ് ജ്വരം
പരമ്പരാഗതമായി ബേസ്ബോളിനും ബാസ്കറ്റ്ബോളിനും പ്രാധാന്യം നല്കുന്ന അമേരിക്കയില്‍ ക്രിക്കറ്റ് ഇന്ന് ഒരു വന്‍ശക്തിയായി മാറുകയാണ്. ഇതിന്റെ ചില പ്രധാന കാരണങ്ങളിലൊന്ന് 2024-ലെ ലോകകപ്പ് ആതിഥേയത്വം: 2024 ടി20 ലോകകപ്പിന് യുഎസ്എ വേദിയായത് അവിടെ വലിയൊരു കായിക വിപ്ലവത്തിന് തുടക്കമിട്ടു. ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-പാക് മത്സരം അമേരിക്കന്‍ കായിക ഭൂപടത്തില്‍ ക്രിക്കറ്റിന് വലിയ ഇടം നല്കി.
ഇന്ത്യന്‍ വംശജരുടെ സ്വാധീനമാണ് മറ്റൊരു കാരണം. മോനാങ്ക് പട്ടേല്‍ നയിക്കുന്ന നിലവിലെ അമേരിക്കന്‍ ടീമിലെ ഭൂരിഭാഗം താരങ്ങളും ഇന്ത്യന്‍ വംശജരാണ്. ഇത് യുഎസിലെ പ്രവാസി സമൂഹത്തെ ഗാലറികളിലേക്ക് എത്തിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. അമേരിക്കയില്‍ ആരംഭിച്ച പ്രൊഫഷണല്‍ ടി20 ലീഗ്, മേജര്‍ ലീഗ് ക്രിക്കറ്റ് (MLC) ലോകോത്തര താരങ്ങളെ അങ്ങോട്ടേക്ക് ആകര്‍ഷിക്കുകയും പ്രാദേശികമായി മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സഹായിക്കുകയും ചെയ്തു.
2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയത് യുഎസില്‍ ഈ കായികവിനോദത്തിന്റെ ഭാവി സുരക്ഷിതമാക്കിയിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് തന്നെ പരസ്യമായി രംഗത്തെത്തിയത് ക്രിക്കറ്റ് അവിടെ വെറുമൊരു കായിക വിനോദമല്ല, മറിച്ച് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്. ഇപ്പോള്‍ അല്പം പിന്നില്‍ ആണെങ്കിലും അധികം വൈകാതെ എതിരാളികളെ വിറപ്പിക്കുന്ന ടീമായി യുഎസ് മാറിയാലും ആരും അത്ഭുതപ്പെടേണ്ട.



