സുഡാനിലെ നോർത്ത് കോർദൊഫാൻ സംസ്ഥാന തലസ്ഥാനമായ എൽ ഒബൈദിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ മാനവികകാര്യ ഓഫീസ് (OCHA) ഈ വിവരം സ്ഥിരീകരിച്ചെങ്കിലും അക്രമസംഘത്തെയും ആക്രമണം നടന്ന ദിവസവും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
നോർത്ത് കോർദൊഫാൻ തലസ്ഥാനമായ എൽ ഒബൈദിൽ ആക്രമണങ്ങൾ വർധിച്ചതോടെ ആർ എസ് എഫും സുഡാൻ സായുധസേനയും തമ്മിലുള്ള യുദ്ധം ഈ മേഖലയിലേക്ക് വ്യാപിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. ആർഎസ്‌എഫ് നോർത്ത് ഡാർഫൂറിലെ തലസ്ഥാനമായ എൽ ഫാഷർ പിടിച്ചെടുത്തതിനു ശേഷം കോർദൊഫാനിലേക്കെത്തി. ഇതുമൂലം നൂറുകണക്കിന് പേർ ഭീതിയോടെ നഗരത്തിൽ നിന്നും പലായനം ചെയ്തു.
വെസ്റ്റേൺ കോർദോഫാനിലെ ബാബ്നൂസാ നഗരവും ആർ എസ് എഫ് വളഞ്ഞതായി റിപ്പോർട്ടുണ്ട്. ബാബ്നൂസായിൽ പ്രതിരോധം നടത്തുന്ന എസ് എ എഫ് സൈനികർക്കായി സാധനങ്ങൾ കൊണ്ടുപോകുന്ന സൈനിക വിമാനം വെടിവച്ചു വീഴ്ത്തിയതായി ആർ എസ് എഫ് അവകാശപ്പെട്ടു. എന്നാൽ സൈന്യം ഈ ആരോപണം നിഷേധിച്ച് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തകർന്നതാണെന്ന് വ്യക്തമാക്കി.



