അഫ്ഗാനിസ്ഥാനിലെ വീടുകളെ തകർത്ത ശക്തമായ ഭൂകമ്പത്തിൽ നിന്ന് രക്ഷപെട്ട ജനങ്ങൾ കനത്ത മഴയും വരാനിരിക്കുന്ന ശൈത്യകാലത്തെയും അതിജീവിക്കുന്നതിനായി പാടുപെടുകയാണ്. വടക്കൻ അഫ്ഗാനിസ്ഥാനിൽ ഇരുപതിലധികം പേർ കൊല്ലപ്പെടുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ശക്തമായ ഭൂകമ്പത്തിൽ നിന്ന് രക്ഷപെട്ടവർ തങ്ങളുടെ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ, കൊടുംതണുപ്പിൽ രാത്രികാലങ്ങളിൽ ചിലവഴിക്കുകയും വീട്ടിൽ നിന്നും കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള വസ്തുക്കളെ വീണ്ടെടുക്കാൻ ശ്രമിക്കുകയുമാണ്.
“ഞങ്ങളുടെ എല്ലാ സാധനങ്ങളും നഷ്ടപ്പെട്ടു. ശീതകാലം വരുന്നു. ഞങ്ങൾക്ക് ചെറിയ കുട്ടികളുണ്ട്. ഇവരെയുംകൊണ്ട് എവിടേക്കു പോകാനാകും? ഇപ്പോൾ രണ്ടു രാത്രികളായി ഞങ്ങൾ ബന്ധുക്കളോടൊപ്പമാണ് താമസിക്കുന്നത്” – രക്ഷപെട്ട അഫ്ഗാൻ സ്വദേശികളിൽ ഒരാൾ പറയുന്നു.
“കഴിഞ്ഞ രാത്രി ഞങ്ങൾ തുറസ്സായ സ്ഥലത്താണ് ചെലവഴിച്ചത്. വളരെ തണുപ്പായിരുന്നു; അതിനാൽ ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. വീണ്ടും ഭൂകമ്പം ഉണ്ടാകുമെന്ന് ഞങ്ങൾക്കു തോന്നുന്നു. രാത്രി മുഴുവൻ തണുപ്പിൽ കഴിഞ്ഞതിനാൽ രാവിലെ ഞങ്ങളുടെ കുട്ടികൾക്കെല്ലാം അസുഖം വന്നു. വീട്ടുപകരണങ്ങളെല്ലാം അവശിഷ്ടങ്ങൾക്കടിയിലാണ്” – മറ്റൊരു വ്യക്തി പറഞ്ഞു. അധികാരികൾ ടെന്റുകളും അടിസ്ഥാന ആവശ്യവസ്തുക്കളും അയച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
“മറ്റു പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ സഹായത്തിനെത്തി. പക്ഷേ, ഞങ്ങളുടെ സാധനങ്ങൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കിടക്കുകയാണ്. അവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ സ്ത്രീകൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു. ഞങ്ങൾക്ക് ടോയ്‌ലറ്റ് ഇല്ല. ഞങ്ങളുടെ സ്ത്രീകൾക്ക് രാത്രി സുരക്ഷിതമായി ചെലവഴിക്കാൻ ഒരു സ്ഥലവുമില്ല.”
നിരവധി വീടുകൾ തകർന്നതിനൊപ്പം ആരോഗ്യകേന്ദ്രങ്ങൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. അതേസമയം, സമാൻഗൻ, ബാൽഖ് എന്നീ വടക്കൻ പ്രവിശ്യകളെ പിടിച്ചുലച്ച 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.



