ജനുവരി ആദ്യവാരം കർദിനാൾമാരുടെ ഒരു അസാധാരണ കൺസിസ്റ്ററി വിളിച്ചുകൂട്ടാൻ പദ്ധതിയിട്ട് ലെയോ പതിനാലാമൻ മാർപാപ്പ. ജനുവരി ഏഴ്, എട്ട് തീയതികളിലായിരിക്കും കൺസിസ്റ്ററി നടക്കുക. എന്നാൽ യോഗത്തിന്റെ പ്രധാന അജണ്ട ഇതുവരെ വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല. അതുപോലെ തന്നെ കർദിനാൾ കോളേജിലെ എല്ലാ അംഗങ്ങൾക്കും അറിയിപ്പ് അയച്ചിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റാണ് ഒരു ഹ്രസ്വസന്ദേശത്തിൽ ഇക്കാര്യം അറിയിച്ചത്.
സഭയുടെ പ്രത്യേക ആവശ്യങ്ങൾ അല്ലെങ്കിൽ ലോകത്തിലെ കർദിനാൾമാർക്കിടയിൽ വിശാലമായ കൂടിയാലോചന ആവശ്യമുള്ള വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി മാർപാപ്പ വിളിച്ചുകൂട്ടുന്ന എല്ലാ കർദിനാൾമാരുടെയും പ്രത്യേക സമ്മേളനങ്ങളാണ് അസാധാരണ കൺസിസ്റ്ററികൾ.
വത്തിക്കാനിൽ അവസാനത്തെ അസാധാരണ കൺസിസ്റ്ററി 2022 ഓഗസ്റ്റ് 29, 30 തീയതികളിൽ ഫ്രാൻസിസ് മാർപാപ്പയുടെ കീഴിലായിരുന്നു നടന്നത്. റോമൻ കൂരിയയുടെ പുതിയ അപ്പസ്തോലിക ഭരണഘടനയുടെ നടപ്പാക്കലും അർഥവും ചർച്ച ചെയ്യുന്നതിന് എല്ലാ കർദിനാൾമാരെയും ഒരുമിച്ചു കൊണ്ടുവരിക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. അതേസമയം, സഭാഭരണത്തിന്റെയും റോമൻ കൂരിയയുടെയും പരിഷ്കാരങ്ങളിലും യോഗം ശ്രദ്ധ കേന്ദ്രീകരിച്ചു.



