രാജ്യത്തെ പ്രധാന നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കുന്നതിനും പ്രാദേശിക സഞ്ചാരം,, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു.
ശനിയാഴ്ച വാരണാസിയിൽ വെച്ചാണ് പ്രധാനമന്ത്രി ഇവ ഫ്ലാഗ് ഓഫ് ചെയ്തത്. കേരളത്തിന് ഏറെ അഭിമാനകരവും പ്രയോജനകരവുമാകുന്ന എറണാകുളം-ബെംഗളൂരു റൂട്ടും ഈ പുതിയ സർവീസുകളിൽ ഉൾപ്പെടുന്നു എന്ന പ്രത്യേകതയുമുണ്ട്.
പുതിയ വന്ദേ ഭാരത് ട്രെയിനുകളും അവയുടെ റൂട്ടുകളും:
● ബനാറസ്-ഖജുരാഹോ
● ലഖ്നൗ-സഹരൺപൂർ
● ഫിറോസ്പൂർ-ഡൽഹി
● എറണാകുളം-ബെംഗളൂരു
കേരളത്തിന് പ്രയോജനകരമാകുന്ന മൂന്നാമത്തെ വന്ദേ ഭാരത് സർവീസാണിത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഈ ട്രെയിൻ സർവീസ് അടുത്ത തിങ്കളാഴ്ച (നവംബർ 10) മുതൽ പ്രവർത്തനമാരംഭിക്കും. എറണാകുളം ജങ്ഷൻ-കെഎസ്ആർ ബെംഗളൂരു (06652) റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ ആശ്വാസമാകും.
ഈ സർവീസ് യാത്രാ സമയം രണ്ട് മണിക്കൂറിലധികം കുറയ്ക്കാൻ സഹായിക്കും. ഓട്ടം 8 മണിക്കൂർ 40 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ ട്രെയിനിന് സാധിക്കും. നിലവിൽ ഈ റൂട്ടിൽ ലഭ്യമായ ഏറ്റവും വേഗതയേറിയ ട്രെയിനുകളിൽ ഒന്നായി ഇത് മാറും.
സമയക്രമം:
എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ബുധനാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്.
● രാവിലെ 5.10 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും.
● എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 2.20 ന് പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരുവിൽ എത്തും.
കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലൂടെയാണ് എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ യാത്ര ചെയ്യുന്നത്. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം, കൃഷ്ണരാജപുരം എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ. എട്ട് കോച്ചുകളുള്ള പ്രത്യേക സർവീസായാകും ട്രെയിൻ പ്രവർത്തിക്കുക.
പ്രധാന ഐടി, വാണിജ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ സർവീസ് പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ എന്നിവർക്ക് വേഗതയേറിയതും സുഖകരവുമായ യാത്രാമാർഗം ഒരുക്കും. കേരളം, തമിഴ്നാട്, കർണാടക എന്നിവയ്ക്കിടയിലുള്ള സാമ്പത്തിക, ടൂറിസം ബന്ധങ്ങളെ ഈ സർവീസ് പ്രോത്സാഹിപ്പിക്കും,’ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഫ്ലാഗ് ഓഫ് ചടങ്ങ് തൃശൂർ, പാലക്കാട് റെയിൽവേ സ്റ്റേഷനുകളിൽ തത്സമയം സംപ്രേഷണം ചെയ്യും. പുതിയ സർവീസ് ഐടി പ്രൊഫഷണലുകൾ, ബിസിനസുകാർ, വിദ്യാർഥികൾ എന്നിവർക്കുൾപ്പെടെ പ്രയോജനം ചെയ്യുമെന്നാണ് റെയിൽവേയുടെ കണക്ക്.



