ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: പ്രസിഡന്റ് ആകും മുന്‍പ് തന്നെ ബിസിനസ് രംഗത്ത് വലിയ വിജയം നേടിയ വ്യക്തിത്വമായിരുന്നു ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹത്തിന്റെ കച്ചവടത്തിലെ വിജയം കണ്ടിട്ടാണ് യുഎസ് ജനത അദ്ദേഹത്തെ തിരഞ്ഞെടുത്തത് എന്നു വരെ വിലയിരുത്തലുണ്ട്. എന്തായാലും പ്രസിഡന്റായ നാള് മുതല്‍ ട്രംപിന് ശുക്രന് ഉദിച്ച മട്ടാണ്. ‘ബ്രാന്‍ഡ് ട്രംപ്’ മൂല്യം ഉയര്‍ന്ന് യുഎസ് പ്രസിഡന്റിന്റെ സമ്പത്ത് ഇരട്ടിയോളമാക്കിയെന്നാണ് വിപണിയില്‍ നിന്നുള്ള കണക്കുകള്‍ പറയുന്നത്.
ഏറ്റവും പുതിയതായി ട്രംപിന്റെ ‘ബ്രാന്‍ഡ് നെയിം’ ഉപയോഗിച്ചു വിപണിയില്‍ എത്തിക്കുന്നത് സ്മാര്‍ട്ട് ഫോണാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടുംബം ആരംഭിച്ച പുതിയ മൊബൈല്‍ സേവന സംരംഭമായ ട്രംപ് മൊബൈല്‍, ഈ ആഴ്ച മാന്‍ഹട്ടനിലെ ട്രംപ് ടവറില്‍ ഒരു മിന്നുന്ന പ്രഖ്യാപനത്തോടെ ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. T1 ഫോണ്‍ എന്ന് വിളിക്കപ്പെടുന്ന 499 ഡോളര്‍ വിലയുള്ള ഒരു ഹാന്ഡ്സെറ്റും പ്രതിമാസം 47.45 ഡോളറിന്റെ മൊബൈല്‍ സബ്സ്ക്രിപ്ഷന് പ്ലാനും ഈ ഓഫറില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ ഈ ഉപകരണം ‘യുണൈറ്റഡ് സ്റ്റേറ്റ്സില്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചത്’ എന്ന് വന്‍തോതില്‍ പ്രചരിക്കപ്പെടുന്നുണ്ടെങ്കിലും, വിദഗ്ധരും വ്യവസായ വിശകലന വിദഗ്ധരും ഇപ്പോഴും വിശ്വസിക്കുന്നില്ല. അതായത് ‘അമേരിക്കയില്‍ നിര്‍മ്മിക്കപ്പെടുമെന്ന്’ വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട്ഫോണ്‍ യഥാര്‍ത്ഥത്തില്‍ ചൈനയില്‍ നിര്മ്മിച്ചതായിരിക്കാമെന്നു സാരം. അങ്ങനെയെങ്കിലും ചൈനയുമായുള്ള ട്രംപിന്റെ പിണക്കം മാറുമെന്ന പ്രതീക്ഷയിലാണ് ലോകം. താരിഫ് യുദ്ധത്തിന് അറുതി വരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
‘ഫോണ്‍ പുതുതായി രൂപകല്‍പ്പന ചെയ്തിരിക്കാന്‍ ഒരു വഴിയുമില്ല, അത് യുഎസില്‍ കൂട്ടിച്ചേര്‍ക്കാനോ പൂര്‍ണ്ണമായും യുഎസില്‍ നിര്‍മ്മിക്കാനോ ഒരു വഴിയുമില്ല.’ – ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പിന്റെ വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ്കോ ജെറോണിമോ സിഎന്‍ബിസിയോട് പറഞ്ഞു. കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ അഭിപ്രായത്തില്‍, ആഗോള കമ്പനികള്‍ക്കായി ഉപകരണങ്ങള്‍ വന്‍തോതില്‍ നിര്‍മ്മിക്കുന്ന ഒരു തരം ചൈനീസ് ഒറിജിനല്‍ ഡിസൈന്‍ നിര്‍മ്മാതാവ് (ODM) ആകും ഫോണ്‍ നിര്‍മ്മിക്കാന്‍ സാധ്യതയുള്ളത്.
”ട്രംപ് മൊബൈല്‍ ഒരു വിദേശ ODM-മായി ഹ്രസ്വകാലത്തേക്ക് പങ്കാളിത്തം സ്ഥാപിക്കേണ്ടി വരും, പ്രാദേശിക ഉല്‍പ്പാദനം ഉള്ളപ്പോള്‍ പോലും, കമ്പനി യുഎസിന് പുറത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളെ ആശ്രയിക്കേണ്ടിവരും.”- കൗണ്ടര്‍പോയിന്റിലെ ഗവേഷണ ഡയറക്ടര്‍ ജെഫ് ഫീല്‍ഡ്ഹാക്ക് പറഞ്ഞു. അതേ സ്ഥാപനത്തിലെ ഗവേഷണ വിശകലന വിദഗ്ധനായ ബ്ലെയ്ക്ക് പ്രെസെസ്മിക്കി, വികസന സമയക്രമം തന്നെ ഇതിനുള്ള സാധ്യതയായി വിലയിരുത്തുന്നു. ”ഉല്‍പ്പാദന പ്രക്രിയയില്‍ അവര്‍ എത്രത്തോളം മുന്നോട്ട് പോയി എന്ന് വ്യക്തമല്ല – പ്രത്യേകിച്ചും ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബര്‍ റിലീസ് ലക്ഷ്യമിടുന്നുണ്ടെങ്കില്‍” എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഫോണിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം സമീപ ദിവസങ്ങളില്‍ വര്‍ദ്ധിച്ചു. ഈ ആഴ്ച ആദ്യം ദി ബെന്നി ഷോയിലെ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍, ഫോണുകള്‍ ‘പിന്നീട്’ യുഎസില്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് എറിക് ട്രംപ് പറഞ്ഞു. ”നമ്മള് ഇവിടെ നിര്‍മ്മാണം തിരികെ കൊണ്ടുവരണം’ എന്നാണ് അദ്ദേഹം പറയുന്നത്. അതായത് നിലവില്‍ ഫോണ്‍ അമേരിക്കന്‍ നിര്മ്മിതമാകില്ലെന്നതിന്റെ സൂചനയാണിത്. ആ പ്രസ്താവന ദി വാള് സ്ട്രീറ്റ് ജേണലിന് നല്കിയ പ്രത്യേക അവകാശവാദത്തിന് കടകവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അന്ന് ട്രംപ് ഓര്ഗനൈസേഷന് വക്താവ് പറഞ്ഞത്, അലബാമ, കാലിഫോര്‍ണിയ, ഫ്ലോറിഡ എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുമെന്നാണ് പറഞ്ഞത്.
അതേസമയം, ദി വെര്‍ജിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് നിലയ് പട്ടേല്‍ ഫോണിന്റെ യുഎസ് ഒറിജിന്‍ നടപടിയുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. ‘ ആ ഫോണിന് യുഎസുമായി ഒരു ബന്ധവുമുണ്ടാകില്ല. പ്രത്യേകിച്ച് ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഫോണ്‍ ഇവിടെ നിര്‍മിച്ചു വില്ക്കാന് ആര്‍ക്കും കഴിയില്ല. ഒരു കാര്യം ഉറപ്പി്ച്ചു പറയാം, 499 ഡോളറിന് ഇത് നിസ്സംശയമായും റീബ്രാന്‍ഡ് ചെയ്ത ചൈനീസ് ആന്‍ഡ്രോയിഡ് ഫോണാണ്.”- അദ്ദേഹം പരിഹസിച്ചു.
ഔട്ട്സോഴ്സിംഗ് ഉല്‍പ്പാദനത്തിനായി ടെക് കമ്പനികളെ വിമര്‍ശിക്കുന്ന ട്രംപിന്റെ ചരിത്രം അദ്ദേഹത്തിനു നേര്‍ക്കു തന്നെ ഇളിച്ചു കാട്ടുന്നതാണ് ഈ ആരോപണങ്ങളെല്ലാം. കഴിഞ്ഞ മാസം, പ്രസിഡന്റ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ആപ്പിള്‍ സിഇഒ ടിം കുക്കിനെ നേരിട്ട് ലക്ഷ്യമിട്ട് ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശ നിര്‍മ്മിത ആപ്പിള്‍ ഉപകരണങ്ങള്‍ക്ക് 25% താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ‘ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ’ അല്ല, ഐഫോണുകള്‍ യുഎസില്‍ നിര്‍മ്മിക്കണമെന്നും ട്രംപ് ഉപദേശിച്ചിരുന്നു. എന്നാല്‍ സ്വന്തം ബ്രാന്‍ഡില്‍ ഫോണ്‍ നിര്‍മിച്ചപ്പോള്‍ അതിനായി ചൈനയെ ആശ്രയിച്ചതില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.