ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് 227 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനം പ്രതികൂല കാലാവസ്ഥയെ തുടർന്ന് ആകാശച്ചുഴിയിലകപ്പെട്ട് ആടിയുലഞ്ഞു. ഇത് വിമാനത്തിനുള്ളിൽ പരിഭ്രാന്തി പരത്തി. സംഭവത്തെത്തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ (എടിസി) അടിയന്തര ലാൻഡിങ്ങിനുള്ള അറിയിപ്പ് നൽകി. വിമാനം ശക്തമായി കുലുങ്ങുമ്പോൾ യാത്രക്കാർ നിലവിളിക്കുകയും കരയുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതായി കാണിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഭയാനകമായ സാഹചര്യമാണ് വിമാനത്തിലുണ്ടായിരുന്നത്. പിന്നാലെ വിമാനം ശ്രീനഗറിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം വിമാനത്തിന്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ശ്രീനഗറിലേക്ക് വരുന്നതിനിടെ 6E2142 എന്ന വിമാനമാണ് പ്രതികൂല കാലവസ്ഥയെത്തുടർന്നുള്ള പ്രക്ഷുബ്ധതയിൽ അകപ്പെട്ടത്. പെട്ടെന്നുള്ള ശക്തമായ ആലിപ്പഴവർഷവും വിമാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.
വിമാനത്തിലെ ജീവനക്കാർ കൃത്യമായ പ്രോട്ടോക്കോൾ പാലിച്ചു. വിമാനം ശ്രീനഗറിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനം എത്തിയതിനുശേഷം യാത്രക്കാരുടെ ക്ഷേമത്തിനും സുഖസൗകര്യങ്ങൾക്കും മുൻഗണന നൽകി അവരെ പരിചരിച്ചു. വിമാനം ആവശ്യമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കും വിധേയമാക്കുമെന്നും ഇൻഡിഗോ അറിയിച്ചു.



