തിരുവനന്തപുരം:സംസ്ഥാന അധ്യക്ഷന്റെ പ്രവർത്തനശൈലിക്കെതിരെ ബിജെപിയിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. വികസന മുദ്രാവാക്യം മാത്രം ഉയർത്തിയുള്ള പ്രചാരണത്തിനിടെ പ്രത്യക്ഷസമരങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ലെന്നാണ് ആക്ഷേപം. തീരുമാനങ്ങളെടുക്കും മുമ്പും കാര്യമായ ചർച്ച നടത്തുന്നില്ലെന്നുമുണ്ട് വിമർശനം.. അതേ സമയം ഫലം ലക്ഷ്യമിട്ടുള്ള പ്രൊഫഷണൽ രീതി മാറ്റമുണ്ടാക്കുമെന്നാണ് രാജീവ് ചന്ദ്രശേഖറിനെ അനുകൂലിക്കുന്നവരുടെ നിലപാട്.
തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി തുടർന്നും മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം വികസിത കേരളം. 14 ജില്ലകളിൽ ഇതിനകം പൂർത്തിയാക്കിയതും വികസിത കേരളം കൺവെൻഷനുകൾ. എല്ലായിടത്തും ഹൈടെക് പവർ പോയിൻറ് പ്രസൻറേഷനുമായി ടാർജറ്റ് വെച്ചാണ് പ്രസിഡണ്ടിൻറെ രീതി. പാർട്ടി യോഗങ്ങളിലും സമയപരിധിവെച്ച് ടീമുകളെ നിശ്ചയിച്ച് ചുമതല തീരുമാനിച്ച് അറിയിക്കും. സംസ്ഥാന പാർട്ടിയിൽ ഇതുവരെ കാണാത്ത ഈ പ്രൊഫഷണൽ രീതിക്ക് ആവശ്യമായ ചർച്ചകൾ നടത്തുന്നില്ലന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. വികസനത്തിൽ മാത്രം പാർട്ടി കേന്ദ്രീകരിക്കുമ്പോൾ സമരങ്ങൾ മറക്കുന്നുവെന്നാണ് അടുത്ത വിമർശനം.



