ഇലോൺ മസ്കിനെ വാഹന നിർമ്മാണ കമ്പനിയായ ടെസ്ലയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്തുനിന്ന് മാറ്റാൻ നീക്കങ്ങൾ തുടങ്ങിയതായി വോൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട്. എന്നാൽ വാർത്ത പ്രചരിച്ചതിന് തൊട്ടുപിന്നാലെ ഇക്കാര്യം നിഷേധിച്ച് മസ്കും ടെസ്ലയും രംഗത്തെത്തി. കമ്പനിക്ക് അനുയോജ്യനായ തലവനെ കണ്ടെത്താൻ ടെസ്ല ബോർഡ് നിരവധി സ്ഥാപനങ്ങളെ സമീപിച്ചുവെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. ടെസ്ലയുമായി ബന്ധമുള്ള ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോർട്ട്.

മസ്കിന്റെ വൈറ്റ് ഹൗസ് പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങളും ടെസ്ല ഓഹരികളുടെ ഇടിവും അടക്കമുള്ളവയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ മാറ്റാനുള്ള നീക്കങ്ങൾ നടക്കുന്നത് എന്നാണ് പുറത്തുവന്ന വിവരം. വിൽപ്പനയിലും ലാഭത്തിലുമുണ്ടായ ഇടിവ് കാരണം ടെസ്ലയിൽ പ്രശ്നങ്ങളുണ്ട്. മസ്ക് കൂടുതൽ സമയവും വാഷിംഗ്ടണിൽ ചെലവഴിക്കുന്നതും ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

സിഇഒ സ്ഥാനത്തേക്ക് അനുയോജ്യനായ ആളെ കണ്ടെത്താൻ ടെസ്ല ബോർഡ് നിരവധി സ്ഥാപനങ്ങളെ സമീപിച്ചിട്ടുണ്ടെന്നും ഒരു പ്രധാന സ്ഥാപനത്തിലേക്ക് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മസ്കിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ എത്രത്തോളം പുരോഗമിച്ചു എന്നത് ഇതുവരെ അറിവായിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഡൊണാൾഡ് ട്രംപിന് വേണ്ടി ശക്തമായി പ്രചാരണം നടത്തിയ മസ്കിന് ട്രംപ് അധികാരമേറ്റശേഷം വൈറ്റ് ഹൗസിൽ പ്രത്യേക പദവി ലഭിച്ചിരുന്നു. ഫെഡറൽ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിനും യുഎസിലെ എല്ലാ ഫെഡറൽ ഡിപ്പാർട്ട്മെന്റുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE)യുടെ ചുമതലയാണ് അദ്ദേഹത്തിന് നൽകിയത്. ഇതോടെ ടെസ്ലയിൽ പ്രതിസന്ധികൾ ഉടലെടുത്തു.

ടെസ്ല ഓഹരികൾ ഇടിയുകയും മസ്കിന്റെ ശ്രദ്ധയും സമയവും കമ്പനിക്കും വാഷിംഗ്ടണിനുമിടയിൽ വിനിയോഗിക്കപ്പെടുകയും ചെയ്ത സാഹചര്യം വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ടെസ്ലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹത്തോട് ബോർഡ് നിർദേശിക്കുകയും ചെയ്തിരുന്നു. ഈ വർഷം ടെസ്ലയുടെ ആദ്യ പാദത്തിലെ ലാഭം 71% ഇടിഞ്ഞു. ഇതിനെത്തുടർന്ന്, താൻ കമ്പനിയിൽ കൂടുതൽ സമയം ചെലവഴിക്കുമെന്ന് മസ്ക് നിക്ഷേപകർക്ക് ഉറപ്പുനൽകിയിരുന്നു. ട്രംപുമായുള്ള മസ്കിന്റെ അടുപ്പം ടെസ്ലയുടെ സാമ്പത്തിക ലക്ഷ്യങ്ങളുമായി ഒത്തുപോയില്ലെന്ന് മാത്രമല്ല, കമ്പനിയുടെ ബ്രാൻഡ് ഇമേജിനെ ദോഷകരമായി ബാധിക്കുകയും ചെയ്തുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു ദശാബ്ദത്തിനിടയിൽ ആദ്യമായി കഴിഞ്ഞ വർഷം കമ്പനി വാർഷിക വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തി. അതിനിടെ ടെസ്ല സൈബർട്രക്കും അതിന്റെ രൂപകൽപ്പനയുടെ പേരിൽ പരിഹാസത്തിന് ഇരയാവുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ട്രംപിന്റെ പ്രചാരണത്തിനായി മസ്ക് 250 മില്യൺ ഡോളറാണ് ചെലവഴിച്ചത്. ട്രംപുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം കമ്പനിക്ക് ഗുണകരമാകുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ ഇതിനിടെ, ടെസ്ല ജീവനക്കാർക്കിടയിൽ അസ്വാരസ്യങ്ങൾ ഉയർന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള തന്റെ ദൗത്യത്തിലും ടെസ്ലയുടെ ശുദ്ധോർജ്ജ ദൗത്യത്തിലും മസ്ക് ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്ന് അവർക്ക് ഉറപ്പ് ആവശ്യമായിരുന്നു. മസ്ക് ട്രംപിന്റെ പ്രസിഡൻഷ്യൽ പ്രചാരണത്തിന് നേതൃത്വം നൽകുകയും അദ്ദേഹത്തിന്റെ രണ്ടാം വൈറ്റ് ഹൗസ് കാലയളവ് മുതൽ അദ്ദേഹവുമായി വളരെ അടുത്ത് പ്രവർത്തിക്കുകയും ചെയ്തതിനുശേഷം, കാലിഫോർണിയ, ജർമ്മനി തുടങ്ങിയ വിപണികളിൽ ടെസ്ലയ്ക്ക് സ്വാധീനം നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്. ടെസ്ല
ഡ്രൈവർമാർ മസ്കിന്റെ രാഷ്ട്രീയത്തിൽ നിന്ന് അകന്നുനിൽക്കുന്നത് സംബന്ധിച്ച സ്റ്റിക്കറുകൾ പതിപ്പിച്ചതായും വോൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടിൽ പറയുന്നു.