തിരുവനന്തപുരം: കെ.കെ. രാഗേഷിനെ പ്രകീർത്തിച്ച് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായി കത്തിനിൽക്കുമ്പോഴും നിശാഗന്ധിയിൽ പാടിത്തിമിർത്ത് സാംസ്കാരികവകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ. സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങിന്റെ ഭാഗമായി സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് ദിവ്യയുടെ ഗാനാലാപനം.
മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ നടി ഉർവശിയുടെ സമീപത്ത് സദസ്സിൽ നിൽക്കുകയായിരുന്ന ദിവ്യയെ സ്റ്റീഫൻ വേദിയിലേക്കു പാട്ടുപാടാനായി ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ ദിവ്യ നടി ഉർവശിയെ പ്രശംസിച്ചു സംസാരിച്ചു. സൂപ്പർസ്റ്റാറായ ഉർവശിയെ നേരിട്ടുകാണാനും തൊടാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ദിവ്യ പറഞ്ഞു. തൊട്ടുപിന്നാലെ സ്റ്റീഫൻ മൈക്ക് കൈമാറിയപ്പോൾ പാട്ടുപാടി. ആദ്യ പാട്ടിനുശേഷം ഉർവശി അഭിനയിച്ച സിനിമയിലെ രണ്ടു പാട്ടുകൾകൂടി പാടി. ഡെഫ് എജുക്കേറ്ററായ സിൽവി മാക്സി മേന പാട്ടിന്റെ വരികളെ ആംഗ്യഭാഷയിൽ അവതരിപ്പിച്ചു.
കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയായി മുൻ രാജ്യസഭാ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ. രാഗേഷിനെ തിരഞ്ഞെടുത്തതിനെത്തുടർന്ന് ദിവ്യ എസ്. അയ്യർ സാമൂഹികമാധ്യമത്തിൽ പങ്കുെവച്ച അഭിനന്ദന പോസ്റ്റ് വിവാദമായിരുന്നു.



