അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉടൻ തന്നെ മരുന്നുകൾക്കും ഇറക്കുമതി തീരുവ ഏർപ്പെടുത്താൻ പോകുകയാണെന്ന് പ്രഖ്യാപിച്ചു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ സുപ്രധാന തീരുമാനം അറിയിച്ചത്. ‘നാം ഒരു സുപ്രധാന ചുവടുവയ്പ്പ് നടത്താൻ പോകുകയാണ്. മരുന്നുകൾക്ക് തീരുവ ഏർപ്പെടുത്തുമ്പോൾ, വിദേശ കമ്പനികൾ അമേരിക്കയിൽ മരുന്ന് നിർമ്മിക്കാൻ തിരിച്ചെത്തും, കാരണം അമേരിക്കയാണ് ഏറ്റവും വലിയ കച്ചവട കേന്ദ്രം’, ട്രംപ് പറഞ്ഞു. 

ഈ നടപടി മരുന്ന് കമ്പനികൾക്ക് മേൽ സമ്മർദ്ദം ചെലുത്തുകയും, അവർ ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവർത്തനം അവസാനിപ്പിച്ച് അമേരിക്കയിൽ ഫാക്ടറികൾ സ്ഥാപിക്കാൻ നിർബന്ധിതരാകുകയും ചെയ്യും. അങ്ങനെ അവർക്ക് അമേരിക്കയിൽ മരുന്നുകൾ വിൽക്കാൻ സാധിക്കും എന്നും ട്രംപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ചയിലെ തീരുവ പ്രഖ്യാപനത്തിൽ മരുന്നുകളെ ഒഴിവാക്കിയിരുന്നുവെങ്കിലും, മരുന്നുകൾക്ക് പ്രത്യേകമായി തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. 

ലോകത്തിലെ ഏറ്റവും കൂടുതൽ മരുന്നുകൾ നിർമ്മിക്കുന്നത് ചൈന, ഇന്ത്യ, യൂറോപ്പ് എന്നിവിടങ്ങളിലാണ്. മരുന്നുകളിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾക്ക് തീരുവ ചുമത്തിയാൽ സാധാരണക്കാർക്കുള്ള മരുന്നുകളുടെ വില വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ തീരുമാനം ഇന്ത്യൻ ജനറിക് ഫാർമ വ്യവസായത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.