പാർക്കു ചെയ്യാൻ വേണ്ടി ഒരു ഡിപ്പോയിൽ മാത്രം കെഎസ്ആർടിസി ഓടി പാഴാക്കിയത് 7.60 കോടി രൂപ. കോഴിക്കോട് ഡിപ്പോയിലെ കണക്കാണ് ഇത്. 74 കോടി രൂപ മുടക്കി നിർമ്മിച്ച കോഴിക്കോട് ഡിപ്പോയിൽ പാർക്കു ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ 55 ബസുകളാണ് ദിവസവും 16 കിലോമീറ്റർ അകലെയുള്ള പാവങ്ങാട് ഡിപ്പോ വരെ ഓടുന്നത്. ഒരു ദിവസം 20,838 രൂപ ഇതിന് മാത്രം, ചിലവ് വരും. 2015 മുതലുള്ള കണക്കെടുത്താൽ 7.60 കോടി രൂപ. ഇതിനുപുറമെ, സ്ഥലത്തിന് വാടകയായി എല്ലാവർഷവും ഒരു ലക്ഷം രൂപ വേറെയും നൽകുന്നുണ്ട്.

24 ലക്ഷം രൂപയാണ് കെഎസ്ആർടിസിയുടെ കോഴിക്കോട് ഡിപ്പോയിലെ ഒരു ദിവസത്തെ ശരാശരി വരുമാനം. അതിൽനിന്നാണ് ദിനംപ്രതി ഇരുപത്തിനായിരത്തിലധികം രൂപ ഇങ്ങനെ നഷ്ടമാവുന്നത്. ന​ഗരത്തിനുള്ളിൽ തന്നെ ബസ് പാർക്കിങ്ങിന് സൗകര്യമൊരുക്കിയാൽ ഈ നഷ്ടം കുറയ്ക്കാം. നടക്കാവിലെ വർക്ക്ഷോപ്പ് പാവങ്ങാട്ടേക്ക് മാറ്റിയശേഷം അവിടെ പാർക്കിങ്ങിന് സംവിധാനമൊരുക്കിയാൽ 10 കിലോമീറ്ററെങ്കിലും കെഎസ്ആർടിസിക്ക് ലാഭിക്കാം. ഈ ആവശ്യം പക്ഷേ മാനേജ്മെന്റ് പരി​ഗണിക്കുന്നേയില്ല. 

പുതിയ ടെർമിനൽ നിർമ്മിക്കുന്നതിന്റെ ഭാ​ഗമായി 2009ലാണ് ഡിപ്പോ പാവങ്ങാട്ടേക്ക് മാറ്റിയത്. 2015 ൽ ടെർമിനൽ നിർമ്മാണം പൂർത്തിയാക്കുമ്പോൾ തിരികെകൊണ്ടുവരാം എന്നായിരുന്നു ധാരണ. എന്നാൽ ടെർമിനൽ പൂർത്തിയായപ്പോൾ 20 ബസുകൾക്ക് സർവീസ് നടത്താനുള്ള സൗകര്യമേ ഉണ്ടായുള്ളൂ. 145 ബസുകളാണ് കോഴിക്കോട് ഡിപ്പോയിലുള്ളത്. ഇതിൽ രാത്രിയിൽ കോഴിക്കോട് സർവിസ് അവസാനിപ്പിക്കുന്ന ബസുകളാണ് പാർക്കിങ്ങിനായി പാവങ്ങാട്ടേക്ക് ഓടുന്നത്.

മാവൂർ റോഡിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മൂന്നേക്കറിൽ അധികം വരുന്ന സ്ഥലത്താണ് കെടിഡിഎഫ്സി പത്തുനിലകളുള്ള ഇരട്ട ടെർമിനൽ പണിതത്. ഇതുവരെ ഒരു വരുമാനവും ടെർമിനലിൽ നിന്ന് ലഭിച്ചിട്ടില്ല. ടെർമിനൽ വാടകയ്ക്കെടുത്തവർ പാർക്കിങ് ഫീ ഇനത്തിൽ പ്രതിമാസം 7.5 ലക്ഷം രൂപ വരുമാനമുണ്ടാക്കുന്നുണ്ടെങ്കിലും കെഎസ്ആർടിസിക്ക് ടെർമിനൽ ഒരു ബാധ്യതയാണ്.