കൊച്ചിയിൽ സംഘടിപ്പിച്ച സംഗീതനിശയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ വിശദീകരണവുമായി സംഗീതസംവിധായകൻ ഷാൻ റഹ്മാനും ഭാര്യയും. തങ്ങൾക്കെതിരേ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച ഇരുവരും, ഈ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി. സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഷാൻ റഹ്മാനും ഭാര്യ സൈറ ഷാനും പ്രതികരിച്ചത്.

സംഗീതനിശയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തുടക്കംമുതലേ വെല്ലുവിളികൾ നേരിട്ടിരുന്നതായും അതിലൊന്ന് പരാതിക്കാരനായ നിജു രാജ് അബ്രഹാമുമായി (അറോറ എന്റർടെയ്ൻമെന്റ്) ഉണ്ടായ തർക്കമായിരുന്നുവെന്നും ഷാൻ റഹ്മാനും ഭാര്യയും പ്രസ്താവനയിൽ പറഞ്ഞു. ”ഇതുമായി ബന്ധപ്പെട്ട ഒരു പരാതി ഫയൽചെയ്തു. എറണാകുളം സൗത്ത് പോലീസ് അന്വേഷണം നടത്തിവരികയാണ്. തുടക്കംമുതലേ ഞങ്ങൾ അന്വേഷണവുമായി സുതാര്യതയും സഹകരണവും നീതിയും പുലർത്തിയിട്ടുണ്ട്. പ്രൊഫഷണലിസം, സമഗ്രത, നിയമനടപടി എന്നിവയിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. എങ്കിലും നിജുരാജ് അബ്രഹാം ജനങ്ങളെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കാനായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിച്ചുവിടുവാൻ വേണ്ടിയുള്ളതാണെന്നും വ്യക്തമാണ്. ഈ കേസ് അട്ടിമറിക്കാനും ഒരു സെറ്റിൽമെന്റിന് പ്രേരിപ്പിക്കാനും വേണ്ടി മെനഞ്ഞ തന്ത്രം ആണെന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ആയതിനാൽ എല്ലാ ആരോപണങ്ങളും ശക്തമായി നിഷേധിക്കുന്നു. 

നിയമവിദഗ്ധർ ഈ വിഷയം സജീവമായി കൈകാര്യംചെയ്യുന്നുണ്ട്. ഇവിടത്തെ നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുള്ളതിനാൽ സത്യം ജയിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ പ്രേക്ഷകരും ടീമംഗങ്ങളും പങ്കാളികളും ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു. വസ്തുതകൾ വ്യക്തമായും മാന്യമായും അവതരിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഏകപക്ഷീയമായ വിവരണത്തെ അടിസ്ഥാനമാക്കിയുള്ള ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്ന് ഞങ്ങൾ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യർഥിക്കുന്നു. നിയമപരവും ഔദ്യോഗികവുമായ ചാനലുകളിലൂടെ ഞങ്ങൾ പങ്കിടുന്ന കൂടുതൽ അപ്ഡേറ്റുകൾക്കായി ദയവായി കാത്തിരിക്കുക”, ഷാൻ റഹ്മാനും ഭാര്യയും പ്രസ്താവനയിലൂടെ അറിയിച്ചു.

കൊച്ചിയിൽ ജനുവരി 25-ന് നടന്ന സംഗീതനിശയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഷാൻ റഹ്മാൻ കരാർപ്രകാരമുള്ള 38 ലക്ഷം രൂപ നൽകാതെ വഞ്ചിച്ചെന്നായിരുന്നു പരാതി. കൊല്ലം സ്വദേശിയും ഷോ ഡയറക്ടറുമായ നിജു രാജാണ് പരാതി നൽകിയത്. തുടർന്ന് സംഗീതനിശ സഷാൻ റഹ്മാനും ഭാര്യയ്ക്കും എതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.