ലയാളികളുടെ പ്രിയ കൂട്ടുകെട്ടായ സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ‘ഹൃദയപൂർവം’. സത്യൻ അന്തിക്കാടിന്റെ കഥയ്ക്ക് നവാഗതനായ സോനു ടി.പി. തിരക്കഥയെഴുതി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്.

ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. പ്രേമലുവിലെ അമൽ ഡേവിസ്, ബ്രോമാൻസിലെ ഹരിഹരസുതൻ എന്നീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ സംഗീത് പ്രതാപും ചിത്രത്തിൽ പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. താരത്തിന്റെ പിറന്നാൾ സിനിമയുടെ സെറ്റിൽ ആഘോഷിക്കുന്ന ചിത്രങ്ങളം വീഡിയോയും കഴിഞ്ഞദിവസം വൈറലായിരുന്നു. കെയ്ക്ക് വരാൻ വൈകിയതിനെത്തുടർന്ന് മോഹൻലാലും സന്ത്യൻ അന്തിക്കാടും ചേർന്ന് പഴംപൊരി നൽകിയായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷിച്ചത്.

സംഗീത് പ്രതാപ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ചിത്രം ഇപ്പോൾ ശ്രദ്ധനേടുകയാണ്. മോഹൻലാലിനും ശ്രീനിവാസനും സത്യൻ അന്തിക്കാടിനുമൊപ്പമുള്ള ചിത്രമാണ് സംഗീത് പങ്കുവെച്ചത്. ‘എ മില്യൺ ഡോളർ പിക്, ചില്ലിട്ടുവെക്കേണ്ടത്’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം ഷെയർ ചെയ്തത്. ശ്രീനിവാസന്റെ കൈ പിടിച്ച് മോഹൻലാലും അവർക്ക് ഇരുപുറവുമായി സത്യൻ അന്തിക്കാടും സംഗീതും നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചത്.

ഹൃദയപൂർവ്വത്തിൽ ജെറി എന്ന കഥാപാത്രത്തെയാണ് സംഗീത് അവതരിപ്പിക്കുന്നത്. മോഹൻലാലിനൊപ്പമുള്ള മുഴുനീള കഥാപാത്രമാണിതെന്നാണ് സൂചന. അടുത്തിടെ ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച സംഗീത് പ്രതാപ്, എഡിറ്ററായാണ് സിനിമയിലേക്കെത്തിയത്.